വയനാട്ടില്‍ കര്‍ഷകനെ കടുവ ആക്രമിച്ച് കൊന്നതിന് തൊട്ടു പിന്നാലെ ആക്രമണത്തിന് പിന്നാലെ കടുവയെ തിരിച്ചറിയാനുള്ള ശ്രമത്തിലായിരുന്നു വനംവകുപ്പ്. ഏറെ നാളത്തെ നിരീക്ഷണത്തിനൊടുവില്‍ വയനാട് വൈല്‍ഡ് ലൈഫ് 45 (WWL 45) എന്ന സീരിയല്‍ നമ്പറുള്ള 13 വയസ്സുള്ള ആണ്‍കടുവയാണ് കര്‍ഷകനെ ആക്രമിച്ച് കൊന്നതെന്ന് തിരിച്ചറിഞ്ഞു.
ലോകത്തിലേറ്റവും വംശനാശഭീഷണിയുള്ള ജീവികളിലൊന്നായ കടുവയുടെ സംരക്ഷണം രാജ്യം ഏറ്റവും പ്രാധാന്യം നല്‍കുന്ന കാര്യങ്ങളിലൊന്നാണ്.
നരഭോജിയായി പ്രഖ്യാപിക്കും മുമ്പ് കടുവ ഏതാണെന്ന് തിരിച്ചറിയുക അത്യാവശ്യണ്. കൃത്യമായി കടുവയെ തിരിച്ചറിയാതെ പ്രദേശത്തുള്ള മറ്റൊരു കടുവയെ വെടിവെച്ചുകൊല്ലുകയോ കൂട്ടിലാക്കുകയോ ചെയ്താല്‍ നരഭോജി കടുവ ഭാവിയില്‍ കൂടുതല്‍ പേരെ ആക്രമിക്കുന്നതിലേക്കോ, നിരപരാധിയായ മറ്റൊരു കടുവ ചാകുന്നതിനോ കാരണമാകും.
വനംവകുപ്പ് കടുവകളെ തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന രീതികളേതൊക്കെയാണ് താഴെ വായിക്കാം..
നാലു വര്‍ഷം കൂടുമ്പോഴാണ് രാജ്യത്തെ കടുവകളുടെ സെന്‍സെസ്സ് എടുക്കുന്നത്. കാല്‍പാടുകളും വിസര്‍ജ്യവും വേട്ടയാടിയ ജീവികളുടെ അവശിഷ്ടങ്ങളും നിരീക്ഷിക്കുക എന്നതിന് പുറമേ
നിരീക്ഷണക്യാമറകള്‍ സ്ഥാപിച്ച് ഫോട്ടോ എടുക്കുകയും നേരിട്ട് ചെന്ന് കണക്കെടുക്കുകയും ശേഖരിച്ച വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ആകെ കണക്ക് ശേഖരിക്കുകയുമാണ് രീതി. ശേഖരിച്ച ഫോട്ടോകളില്‍ നിന്നും കടുവകളുടെ ശരീരത്തിലെ വരകള്‍ നിരീക്ഷിക്കുകയാണ് പ്രധാനമായി ചെയ്യുന്നത്.
മനുഷ്യരുടെ വിരലടയാളം പോലെ ഓരോ കടുവകളുടെയും വരകള്‍ വ്യത്യസ്ഥമാണ്. ഇത് കൂടാതെ കടുവകളുടെ ഉയരവും നീളവും ഭാരവും വ്യത്യസ്തമായിരിക്കും. കാല്‍പാടുകളുടെ വലുപ്പവും ആകൃതിയും ഓരോ കടുവകള്‍ക്കും സമാനമല്ലാത്തതായിരിക്കും. ആണ്‍കടുവകള്‍ക്ക് വലിപ്പം കൂടുതലായതിനാല്‍ വലിയ കാല്‍പാടുകളായിരിക്കും. ഇത് ആണ്‍കടുവയാണോ പെണ്‍കടുവയാണോ എന്നത് തിരിച്ചറിയാന്‍ ഏകദേശ ധാരണ ലഭിക്കും.
ഈ രീതികളുപയോഗിച്ചാണ് വനംവകുപ്പ് കടുവകളെ തിരിച്ചറിയുന്നത്.