സ്വാതന്ത്ര്യം ലഭിക്കുന്നതിനും മുൻപേ ആകാശവാണിയിൽ ഗായികയായി എത്തിയ ഒരാളുണ്ട് തൃശ്ശൂരില്‍.. വര്‍ഷങ്ങളോളം ശ്രോതാക്കൾക്കായി ഇവര്‍ സംഗീതം പകർന്നു. പക്ഷേ ചേലക്കര സുശീല രാമസ്വാമിയെ കാത്തിരുന്നത് കൈപ്പേറിയ ജീവിതമായിരുന്നു. നിനച്ചിരിക്കാതെ എത്തിയ ദുരന്തത്തിന്റെ ശേഷിപ്പുകൾ പേറിയാണ് ഇന്നും ആ ഗായികയുടെ ജീവിതം.
1946 ൽ പത്ത് വയസു മാത്രം പ്രായമുള്ളപ്പോഴാണ് സുശീലാ രാമസ്വാമി ആദ്യമായി മദ്രാസ് ആകാശവാണിയിൽ പാടുന്നത്. പാടി മുഴുപ്പിച്ചതും നിലയത്തിലെ എല്ലാവരും ഒരുപോലെ ചേർത്തുനിർത്തി അഭിനന്ദിച്ചു. പിന്നീട് ഇങ്ങോട്ട് ആകാശവാണിയുടെ പലനിലയങ്ങളിലായി പതിറ്റാണ്ടുകളോളം ശ്രോതാക്കൾക്ക് സംഗീത വിസ്മയം തീര്‍ത്തു.. വിവാഹ ശേഷം കോഴിക്കോടെത്തിയ സുശീല ഏറെക്കാലം കോഴിക്കോട് നിലയത്തിലും ഗായികയായിരുന്നു. 1975 മുതല്‍ 2005 വരെ തൃശൂർ ആകാശവാണിയിൽ ശാസ്ത്രീയ സംഗീതം കൊണ്ട് ശ്രോതാക്കളുടെ ഹൃദയം കീഴടക്കി..
കരാർ ജോലിയായിരുന്നു. ആകാശവാണിയിൽ.. പടിയിറങ്ങിയശേഷം സംഗീത അധ്യാപികയായി ജോലി നോക്കിയെങ്കിലും അധികനാൾ മുന്നോട്ട് പോകാനായില്ല. പുത്ര ദുഃഖത്താൽ ജീവിതം ശ്രുതി തെറ്റി..1987 ചേലക്കരയിലെ നരസിംഹസ്വാമി ക്ഷേത്രത്തിൽ പൊട്ടിച്ച തേങ്ങയുടെ കഷണം എടുക്കാനെത്തിയതാണ് സുശീലയുടെ മകൻ രാജേഷ്. പൊട്ടിയ തേങ്ങയുടെ കഷണം എടുക്കാൻ രാജേഷ് ഓടിയെത്തുന്നതും അടുത്ത തേങ്ങ പൂജാരി എറിയുന്നതും ഒരേസമയത്തായി. തേങ്ങ രാജേഷിന്റെ തലയിൽ പതിച്ചു. ഗുരുതരമായി പരിക്കേറ്റ രാജേഷിനെ ചേലക്കര സർക്കാർ ആശുപത്രിയിൽ കൊണ്ടുപോയി. രാത്രി സ്റ്റിച്ചിട്ടു മടങ്ങിയെങ്കിലും രണ്ടുദിവസങ്ങൾക്കിപ്പുറം തലയിൽ പഴുപ്പ് കയറി. തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തലയിൽ പൊട്ടിയിരുന്ന എല്ലിന്റെ കഷണം പിന്നീട് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. പക്ഷേ തുടർച്ചയായി ഫിക്സ് വന്നതോടെ സ്കാനിങ് വേണമെന്ന് നിർദ്ദേശിച്ചെങ്കിലും സ്കാനിംഗ് മെഷീൻ പോലും അന്ന് മെഡിക്കൽ കോളേജിലുണ്ടായില്ല. മദ്രാസിൽ കൊണ്ടുപോയി ശസ്ത്രക്രിയ നടത്തിയാണ് പിന്നീട് ജീവൻ നിലനിർത്തിയത്. എന്നാൽ എപ്പോൾ വേണമെങ്കിലും ഇടതുകെെയും കാലും കുഴഞ്ഞ് താഴെ വീഴും രാജേഷ്. എപ്പോൾ വേണമെങ്കിലും കുഴഞ്ഞുവീഴാവുന്ന മകന് താങ്ങായി ഈ അമ്മയാണ് പുറകെ നിൽക്കുന്നത്. പക്ഷേ ഇനിയും എത്രനാൾ ഇങ്ങനെ എന്നതാണ് ഈ അമ്മയെ വിഷമത്തിൽ ആക്കുന്നത്.
സഹോദരങ്ങൾ എല്ലാവരും പല കുടുംബങ്ങളായി മാറി താമസിച്ചു അമ്മയും രാജേഷും മാത്രമാണ് കോലഴിയിലെ കൊച്ചു വീട്ടിൽ. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ മകൻ എന്താകുമെന്നാണ് ആ മനസ്സ് നിറയെ. അപകട ശേഷം ക്ഷേത്രത്തിലെ പൂജാരിയോ ഭരണസമിതിയോ പോലും തിരിഞ്ഞു നോക്കിയിട്ടില്ലെും സഹോദന്‍ പറയുന്നു. മരുന്നിനു പണം കണ്ടെത്താൻ പോലും പ്രയാസപ്പെടുകയാണ് ഈ കുടുംബം.സംഗീതം മാത്രം സ്വപ്നം കണ്ട ആ മനസ്സിൽ ഇന്ന് ഒരു ആഗ്രഹം മാത്രമേയുള്ളൂ കണ്ണടയ്ക്കുന്നതിന് മുൻപ് മകനെ സുരക്ഷിതമാക്കണം.