സ്കൂൾ മുറ്റത്ത് മിഠായി കവർ കൊണ്ട് നിർമ്മിച്ച കൂറ്റന്‍ ക്രിസ്മസ് ട്രീ ശ്രദ്ധേയമാകുന്നു.. തൃശ്ശൂര്‍ ചെന്ത്രാപ്പിന്നി ഹയർ സെക്കന്ററി സ്കൂളിലാണ് ഈ വ്യത്യസ്തമായ ക്രിസ്മസ് ട്രീ ഒരുക്കിയത്.സീഡ് ലൗ പ്ലാസ്റ്റിക്ക് പദ്ധതിയുടെ ഭാഗമായാണ് വലിച്ചെറിയുന്ന മിഠായി കവറുകൾ ശേഖരിക്കാൻ തുടങ്ങിയത്. ഇതിനായി സ്കൂൾ അങ്കണത്തിൽ വേസ്റ്റ് ബിന്നും സ്ഥാപിച്ചു. ആറ് മാസത്തോളം ശേഖരിച്ച മിഠായി കവറുകൾ എന്തു ചെയ്യുമെന്ന ചിന്തയിലാണ് ക്രിസ്മസ് ട്രീ ഒരുക്കാമെന്നതിൽ എത്തി ചേർന്നത്. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് കവറുകൾ തരംതിരിച്ച് മിഠായി കവറുകൾ മാത്രം എടുത്താണ് ക്രിസ്മസ് ട്രീ ഒരുക്കിയിട്ടുള്ളത്.
സ്കൂൾ അങ്കണത്തിൽ നിന്ന് ശേഖരിച്ച ഏകദേശം 100 കിലോയോളം മിഠായി കവറുകൾ കൊണ്ടാണ് 30 അടി ഉയരത്തിൽ ക്രിസ്മസ് ട്രീ നിർമ്മിച്ചത്. ഒരാഴ്ച്ച സമയമെടുത്താണ് ക്രിസ്മസ് ട്രീയുടെ നിർമ്മാണം . ഇത്രയും അധികം മിഠായി കവറുകൾ കാമ്പസിൽ വലിച്ചെറിയപ്പെടുന്നുണ്ടെന്നും, അതിന്റെ ഭീകരത മറ്റുള്ളവരെ കൂടി ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്രിസ്മസ് ട്രീ ഒരുക്കിയതെന്ന് പ്രിൻസിപ്പാൾ ശ്രീജീഷ്, അധ്യാപകൻ ശ്രീകാന്ത് എന്നിവർ പറഞ്ഞു.\ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്മസ് ട്രീ യോടൊപ്പം പുൽക്കൂടും, നക്ഷത്രവും ഒരുക്കിയിരുന്നു. വിവിധ കലാപാടികളും സംഘടിപ്പിച്ചു.