കൊച്ചിൻ ലിസി ആശുപത്രിയിൽ ഹൃദയ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഹരിനാരായണൻ പൂർണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ടു. തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്ററിൽ ആയിരുന്നു ഹരി നാരായണ നുള്ള ഹൃദയം കൊച്ചിയിൽ എത്തിച്ചത്. പിന്തുണച്ച എല്ലാവർക്കും കുടുംബം നന്ദി പറഞ്ഞു.
മസ്തിഷ്കമരണം സംഭവിച്ച കന്യാകുമാരി സെൽവിൻ ശേഖറിന്റെ ഹൃദയമാണ് കായംകുളം സ്വദേശി ഹരിനാരായണനിൽ മാറ്റിവച്ചത്. നവംബർ 25 നായിരുന്നു ശസ്ത്രക്രിയ. ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ചികിത്സകൾ കൂടി പൂർത്തിയാക്കിയതിന് ശേഷമാണ് ഹരിനാരായണൻ ആശുപത്രി വിട്ടത്.
അവയവങ്ങൾ ദാനം ചെയ്യാൻ മനസ്സ് കാണിച്ച സെൽവിൻ്റെ കുടുംബത്തെ മറക്കാൻ കഴിയില്ലെന്ന് ഹരി നാരായണൻ പറഞ്ഞു. വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കിയ ഡോക്ടർമാരുടെ സംഘത്തെ മുഖ്യമന്ത്രി ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഹരിനാരായണന്റെ സഹോദരൻ സൂര്യനാരായണനെയും സമാനമായ രീതിയിൽ തിരുവനന്തപുരത്തു നിന്നും ഹെലികോപ്റ്ററിൽ ഹൃദയം എത്തിച്ചാണ് ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്.