Share this Article
image
ആലപ്പുഴ മാന്നാര്‍ പഞ്ചായത്തില്‍ പരമ്പരാഗത ഉത്പന്നങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു
An exhibition of traditional products was organized in Alappuzha Mannar Panchayat

നവകേരളസദസിനു മുന്നോടിയായി മാന്നാർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ "പരമ്പരാഗത വ്യവസായങ്ങളും സാധ്യതകളും" എന്ന വിഷയത്തിൽ നടത്തിയ സെമിനാറിനോടനുബന്ധിച്ച്  പരമ്പരാഗത തൊഴിലാളികളുടെ നിർമ്മാണ ഉല്പന്നങ്ങളായ വെങ്കല പാത്രങ്ങൾ, കരകൗശല വസ്തുക്കൾ, കളിമൺ പാത്രങ്ങൾ എന്നിവയുടെ പ്രദർശനവും വിപണനവും നടന്നു. കുരട്ടിക്കാട് ശ്രീഭുവനേശ്വരി ക്ഷേത്രം ഓഡിറ്റോറിയത്തിലായിരുന്നു സെമിനാർ നടന്നത്. തലമുറകളായി മൺപാത്ര നിർമ്മാണം കുലത്തൊഴിലായി തുടർന്നു കൊണ്ടുപോകുന്ന തൊഴിലാളികളുടെ മൺപാത്ര  നിർമ്മാണം ഏറെ ശ്രദ്ധേയമായി. 

കല്ലിശ്ശേരി ഉമയാറ്റുകര പാടശേഖരങ്ങളിൽ നിന്നുമായിരുന്നു മുൻപ് നിർമ്മാണാവശ്യത്തിനുള്ള കളിമണ്ണ് കിട്ടിയിരുന്നത്. ഇപ്പോൾ അമിതവില കൊടുത്ത് കോട്ടയം ചെങ്ങളത്ത് നിന്നും, ബാംഗ്ലൂരിൽ നിന്നുമൊക്കെയാണ്  മണ്ണെത്തിക്കുന്നത്. എന്നാൽ വാഹന വാടകയും വഴിയിൽ ഉണ്ടാകുന്ന പരിശോധനയിൽ വലിയ പിഴ അടയ്ക്കേണ്ടി വരുന്നതും  കണക്കാക്കുമ്പോൾ ലാഭത്തേക്കാൾ ഏറെ നഷ്ടമാണ് ഉള്ളത്. ഇതുമൂലം വാഹന ഉടമകൾ വിളിച്ചാൽ വരാതെയായി. മുൻകാലങ്ങളിലെ പോലെ കാര്യമായ വരുമാനം ഇല്ലാതായതോടെ തൊഴിലാളികൾ ഉപജീവനത്തിനായി മറ്റു തൊഴിൽ മേഖലകളിലേക്ക് പോകാൻ നിർബന്ധിതരായതോടെ കളിമൺ പാത്ര വ്യവസായമ ഇപ്പോൾ തകർച്ചയുടെ വക്കിലാണ്.

അസംസ്കൃത വസ്തുവായ കളിമണ്ണിന്റെ ലഭ്യതക്കുറവും, പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ കടന്നുകയറ്റവും  പ്രതിസന്ധിയിലാക്കിയ കളിമൺപാത്ര നിർമ്മാണ മേഖലയെ പരിപോഷിപ്പിക്കുന്നതിനായി സാംസ്കാരിക വകുപ്പിന്റെ റൂറൽ ആർട്ട് ഹബ്ബ് പദ്ധതിയിൽ ഉൾപ്പെടുത്തി ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തിന്റെ സഹായത്തോടെ കല്ലിശ്ശേരിയിൽ ആരംഭിച്ച മുത്താരമ്മ ഗ്രാമീണ കലാകേന്ദ്രത്തിൽ നിന്നുള്ളവരായിരുന്നു സെമിനാറിനോടനുബന്ധിച്ച് കളിമൺപാത്രങ്ങൾ നിർമ്മിച്ചത്. 

17 സ്ത്രീകളും രണ്ടു പുരുഷന്മാരും ഉൾപ്പെട്ട സംഘം ഒരു ട്രെയിനറുടെ സഹായത്തോടെ 85 ദിവസത്തെ ട്രെയിനിംഗ് പൂർത്തിയാക്കിയിട്ടുണ്ട്. ഇതിനായി സർക്കാർ അനുവദിച്ച 9 ലക്ഷംരൂപ  മണ്ണ് അരയ്ക്കുന്നതിനും  നിർമ്മാണത്തിനും    ഉൾപ്പെടെയുള്ള യന്ത്രങ്ങൾ, മണ്ണ്, കച്ചി, തൊണ്ട്, വിറക്, പഠിതാക്കൾക്കുള്ള സ്റ്റൈഫന്റ്, ട്രെയിനർ ചാർജ് തുടങ്ങിയവയ്ക്കും ചൂള നിർമ്മാണത്തിനുമായി വിനിയോഗിച്ചു. ഇനിയുള്ള പ്രവർത്തനങ്ങൾക്കും മോഡേണൈസേഷന്റെ ഭാഗമായുള്ള മിഷനറികൾ വാങ്ങുന്നതിനും സഹായം ആവശ്യമാണ്.

കളിമൺ പാത്രത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിച്ച്  പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുവാൻ സാധിക്കുന്നതിലൂടെ ഈ മേഖലയിലുള്ള പ്രതിസന്ധിക്ക് മാറ്റം ഉണ്ടാകുമെന്നും  ഇതിനായി സർക്കാർ മുൻകൈയെടുക്കണമെന്നും മുത്താരമ്മ ഗ്രാമീണ കലാകേന്ദ്രം സെക്രട്ടറി സജിനി സതീഷ്, ജോ.സെക്രട്ടറി സജിനി മോഹൻ, വൈസ്പ്രസിഡന്റ് ഗീത നാരായണൻ കുട്ടി, യൂണിറ്റ്  അംഗങ്ങളായ കുഞ്ഞൻ ശിവശങ്കരൻ, നാരായണൻ കുട്ടി, സുജാത ചന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories