Share this Article
സ്വന്തമായി കാറുള്ളയാള്‍ക്ക് ബിപിഎല്‍ കാര്‍ഡ്; പിഴ ഒഴിവാക്കാന്‍ കൈക്കൂലി; താലൂക്ക് സപ്ലൈ ഓഫീസര്‍ അറസ്റ്റില്‍
വെബ് ടീം
posted on 26-12-2023
1 min read
BPL CARD GOT CARD OWNER,BRIFERY TO AVOID FINE, TALUK SUPPLY OFFICER ARREST

കണ്ണൂര്‍: ബിപിഎല്‍ കാര്‍ഡ് അനധികൃതമായി ഉപയോഗിച്ചതിനുള്ള പിഴ ഒഴിവാക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ, താലൂക്ക് സപ്ലൈ ഓഫീസര്‍ പിടിയില്‍. തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസര്‍ അനില്‍ പി കെയെ ആണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. 

കണ്ണൂര്‍ ജില്ലയിലെ പെരുവളത്തുപറമ്പ് സ്വദേശിയാണ് വിജിലന്‍സില്‍ പരാതി നല്‍കിയത്. ഇയാള്‍ക്ക് ബിപിഎല്‍ റേഷന്‍ കാര്‍ഡാണ് ഉണ്ടായിരുന്നത്. സ്വന്തമായി കാറുള്ളയാള്‍ ബിപിഎല്‍ കാര്‍ഡ് ഉപയോഗിക്കുന്നത് അനധികൃതമാണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. 

കാര്‍ഡ് എത്രയും വേഗം എപിഎല്‍ വിഭാഗത്തിലേക്ക് മാറ്റണമെന്നും നിര്‍ദേശിച്ചു. ഇതുവരെ അനധികൃതമായി ബിപിഎല്‍ കാര്‍ഡ് ഉപയോഗിച്ചതിന് പിഴയായി മൂന്ന് ലക്ഷം രൂപ സര്‍ക്കാറിലേക്ക് അടയ്ക്കാനും ആവശ്യപ്പെട്ടു. 25,000 രൂപ കൈക്കൂലി തന്നാല്‍ പിഴ ഒഴിവാക്കി തരാമെന്ന് സപ്ലൈ ഓഫീസര്‍ പിന്നീട് അനിലിനെ അറിയിച്ചു. 

ഇതനുസരിച്ച് കഴിഞ്ഞമാസം 25 ന് സപ്ലൈ ഓഫീസര്‍ക്ക് 10,000 രൂപ നല്‍കി. തുടര്‍ന്ന് ഫൈന്‍ ഒഴിവാക്കി നല്‍കുകയും പുതിയ എപിഎല്‍ കാര്‍ഡ് അനുവദിക്കുകയും ചെയ്തു. പുതിയ കാര്‍ഡ് കഴിഞ്ഞദിവസമാണ് ഉടമയ്ക്ക് ലഭിച്ചത്. ഇക്കാര്യം അറിയിച്ചപ്പോള്‍ 5000 രൂപയെങ്കിലും കൈക്കൂലിയായി വീണ്ടും നല്‍കണമെന്ന്  താലൂക്ക് സപ്ലൈ ഓഫീസര്‍ ആവശ്യപ്പെടുകയായിരുന്നു. 

ഇക്കാര്യം പരാതിക്കാരന്‍ ഉടന്‍ തന്നെ കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പിയെ അറിയിച്ചു. തുടര്‍ന്ന് വിജിലന്‍സ് പരാതിക്കാരന് കൈക്കൂലി നല്‍കാനുള്ള പണം നല്‍കി. വൈകീട്ട് പരാതിക്കാരനില്‍ നിന്നും കൈക്കൂലി തുക വാങ്ങുന്നതിനിടെ പുറത്തു കാത്തുനിന്ന വിജിലന്‍സ് സംഘം താലൂക്ക് സപ്ലൈ ഓഫീസറെ കയ്യോടെ പിടികൂടുകയായിരുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories