എരുമപ്പെട്ടി തിച്ചൂരിൽ ഗ്യാസ് സിലിണ്ടറിന് തീപ്പിടിച്ച് വീട് കത്തി നശിച്ചു. നെല്ലുക്കുന്ന് കോളനിയിൽ പുത്തൻപീടികയിൽ റുക്കിയയും സഹോദരൻ അബ്ബാസും കുടുംബവും താമസിക്കുന്ന ഷീറ്റ് മേഞ്ഞ വീടാണ് പൂർണ്ണമായും കത്തിനശിച്ചത്.ഇന്ന് ഉച്ചതിരിഞ്ഞ് 4 മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്.സംഭവ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല.
വീടിൻ്റെ മുറിയിൽ ഉപയോഗിക്കാതെ വെച്ചിരുന്ന പാചക വാതക സിലിണ്ടറിനാണ് തീപ്പിടിച്ചത്.ഗ്യാസ് ചോർച്ചയുണ്ടായതാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് നിഗമനം. തീ ആളിപടർന്ന് വീടിൻ്റെ മേൽക്കൂരയും വാതിലുകളും പാത്രങ്ങൾ ഉൾപ്പടെയുള്ള വീട്ടുപകരണങ്ങളും വസ്ത്രങ്ങളും പൂർണ്ണമായും കത്തിനശിച്ചു.ഈ വീടിന് തൊട്ടടുത്ത് ഇവരുടെ തറവാട് വീടുണ്ട്.
തീപ്പിടിച്ച സിലിണ്ടർ പൊട്ടിത്തെറിക്കാതിരുന്നതും അടുക്കളയിൽ ഉപയോഗിച്ചിരുന്ന സിലിണ്ടറിന് തീപ്പിടിക്കാതിരുന്നതും വലിയ അപകടം ഒഴിവായി.വലിയ ശബ്ദവും പുകയും കണ്ട് ഓടിക്കൂടിയ നാട്ടുകാർ വടക്കാഞ്ചേരി ഫയർ ഫോഴ്‌സിനെ വിവരമറിയിച്ചു.തുടർന്ന് സ്ഥലത്തെത്തിയ സ്റ്റേഷൻ ഓഫീസർ ടി.കെ.അനിൽകുമാർ, അസിസ്റ്റൻ്റ് ഓഫീസർ ടി. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് തീയണക്കുകയും സിലിണ്ടറുകൾ വീടിന് പുറത്തെടുത്ത് വെള്ളം ഒഴിച്ച് തണുപ്പിക്കുകയും ചെയ്തു. എരുമപ്പെട്ടി എസ്.ഐ കെ. അനുദാസിൻ്റെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തിയിരുന്നു.
അബ്ബാസിൻ്റെ വീട് നിർമ്മാണം നടക്കുന്നതിനാൽ ഇയാളും ഭാര്യ സെക്കീന, മക്കളായ അസ് ലം, അനസ്, അഫ്സൽ എന്നിവർ റുക്കിയയുടെ ഉടമസ്ഥതയിലുള്ള ഈ വീട്ടിലാണ് താമസിച്ചിരുന്നത്.സംഭവ സമയത്ത് വീട്ടിലാളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.