തൊടുപുഴ∙വെളിയാമറ്റത്തു കുട്ടിക്കർഷകരുടെ 13 പശുക്കൾ ചത്തു. അഞ്ചെണ്ണം ഗുരുതരാവസ്ഥയില്‍ തുടരുന്നു. 15 വയസ്സുകാരനായ മാത്യു ബെന്നിയുടെയും ജോർജിന്റെയും പശുക്കളാണ് ചത്തത്. ഇരുവരുടെയും പിതാവ് മരിച്ചതിനെ തുടർന്നു കുട്ടികളാണു പശുക്കളെ വളർത്തിയിരുന്നത്. കപ്പയുടെ തൊലി കഴിച്ചതാണു മരണകാരണമെന്നാണു സംശയം. വെറ്റിനറി ഡോക്ടർമാർ പോസ്റ്റ്മോർട്ടം നടത്തുന്നതിനായി സ്ഥലത്ത് എത്തിയിട്ടുണ്ട്.
സംഭവത്തിൽ കുട്ടിക്കർഷകരെ ഫോണിൽ വിളിച്ച് മന്ത്രി ചിഞ്ചുറാണി. ഇളയ കുട്ടിയായ മാത്യുവിനെയാണ് മന്ത്രി ഫോണിൽ വിളിച്ച് സംസാരിച്ച് സഹായങ്ങൾ വാഗ്ദാനം ചെയ്തത്. പശുക്കൾ ചത്തതിനെ തുടർന്ന് മാനസിക സമ്മർദത്തിലായ മാത്യു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മികച്ച കുട്ടിക്കർഷകനുള്ള പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങളണ് ഇവരുടെ ഫാമിനെ തേടിയെത്തിയിട്ടുളളത്. കുട്ടികളെ ഫോണിൽ വിളിച്ച മന്ത്രി എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്തു.