റബര്‍ തോട്ടത്തില്‍ കൂട്ടമായി നിന്നിരുന്ന കാട്ടാനകളുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച വിനോദസഞ്ചാരികള്‍ക്കുനേരെ കാട്ടാന പാഞ്ഞടുത്തു. ഇതോടെ ആളുകള്‍ ചിതറിയോടി. ആളുകള്‍ ഓടിയതോടെ കാട്ടാന പിന്തിരിഞ്ഞു. ശനിയാഴ്ച വൈകിട്ട് തൃശ്ശൂര്‍ പാലപ്പിള്ളി വലിയകുളത്തായിരുന്നു സംഭവം.
വലിയകുളത്ത് റോഡ് തടസ്സപ്പെടുത്തി 2 കുട്ടികളടക്കം 7 കാട്ടാനകള്‍ പുല്ലുമേഞ്ഞു നടന്നതോടെ മുക്കാല്‍മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് വാച്ചര്‍മാരും നാട്ടുകാരും ചേര്‍ന്ന് ഇവയെ തോട്ടത്തിലേക്ക് കയറ്റി. റോഡരികിലെ തോട്ടത്തിലേക്ക് കയറിയ ആനകളുടെ ചിത്രങ്ങള്‍ അടുത്തുപോയി പകര്‍ത്താന്‍ ശ്രമിച്ചതാണ് കാട്ടാനക്ക് പ്രകോപനമുണ്ടാക്കിയത്. ചിത്രം പകര്‍ത്താന്‍ ശ്രമിച്ച വിനോദസഞ്ചാരികള്‍ക്കുനേരെ കാട്ടാന പാഞ്ഞടുത്തു. ഇതോടെ ആളുകള്‍ ചിതറിയോടി. ആളുകള്‍ ഓടിയതോടെയാണ് കാട്ടാന പിന്തിരിഞ്ഞത്.ചിമ്മിനി മേഖലയില്‍ പലകൂട്ടങ്ങളായി 50ഓളം കാട്ടാനകള്‍ വിഹരിക്കുന്നുണ്ട്. നാട്ടാനകള്‍ക്കരികില്‍ എന്നപോലെ കാട്ടാനകള്‍ക്ക് അരികില്‍ സഞ്ചാരികളെത്തി ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിക്കുന്നത് അപകടങ്ങള്‍ വിളിച്ചുവരുത്തുമെന്ന് വനപാലകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ചിമ്മിനി മേഖലയില്‍ ആനകളെ പ്രകോപിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് വനപാലകര്‍ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്.