കോഴിക്കോട്: പൊലീസ് സുരക്ഷ നിർദേശങ്ങൾ അവഗണിച്ച് റോഡിലിറങ്ങിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആൾക്കൂട്ടത്തിനിടയിൽ മിഠായിത്തെരുവിലെ കടയിലെത്തി ഹല്‍വ വാങ്ങി. തുടര്‍ന്ന് മിഠായിത്തെരുവിലെ കച്ചവടക്കാരോട് ഗവര്‍ണര്‍ സംസാരിക്കുകയും ചെയ്തു. പൊലീസ് സുരക്ഷ വേണ്ടെന്ന് പ്രഖ്യാപിച്ചാണ് ആരിഫ് മുഹമ്മദ് ഖാന്‍ തെരുവിലിറങ്ങിയത്. വിദ്യാർത്ഥികളും നാട്ടുകാരുമായി സംവദിച്ചു.
എസ് എം സ്ട്രീറ്റില്‍ സ്ത്രീകളും കുട്ടികളുമായി കുശലം പറയുകയും സെല്‍ഫി എടുക്കാന്‍ പോസ് ചെയ്യുകയും ചെയ്തു. കേരളത്തിന്റെ സ്‌നേഹം കോഴിക്കോട് നിന്നും അനുഭവിച്ചറിഞ്ഞതായി ഗവര്‍ണര്‍ പറഞ്ഞു. മിഠായിത്തെരുവില്‍ ബിജെപി പ്രവര്‍ത്തകര്‍ ഗവര്‍ണറെ അഭിവാദ്യം ചെയ്ത് മുദ്രാവാക്യം വിളിച്ചു.
“നഗരത്തിലേക്ക് ഇറങ്ങുക തന്നെ ചെയ്യും. ഒരു സുരക്ഷയും ആവശ്യമില്ല. കേരളത്തിലെ ജനങ്ങൾ എന്നെ സ്നേഹിക്കുന്നു. എസ്എഫ്ഐ മാത്രമാണ് പ്രതിഷേധിക്കുന്നത്. ആരും എന്നെ ആക്രമിക്കില്ല”: ഗവർണർ പറഞ്ഞു.
ഗവര്‍ണര്‍ തെരുവിലേക്ക് ഇറങ്ങിയതോടെ, പൊലീസ് നഗരത്തില്‍ സുരക്ഷ ശക്തമാക്കി. സിറ്റി പൊലീസ് കമ്മീഷണര്‍ അടക്കം ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മാനാഞ്ചിറയില്‍ സ്‌കൂള്‍ കുട്ടികളെ ചേര്‍ത്തു പിടിക്കുകയും, ആളുകളെ അഭിവാദ്യം ചെയ്യുകയും ചെയ്തിരുന്നു. ഗവര്‍ണറുടെ സുരക്ഷയ്ക്കായി നഗരത്തിലുടനീളം കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.