Share this Article
image
ശബരീശസന്നിധിയില്‍ വര്‍ണവും വാദ്യമേളകളും കൊണ്ട് ഉത്സവം തീര്‍ത്ത് കര്‍പ്പൂരാഴി ഘോഷയാത്ര
Latest news from Sannidhanam

ശബരീശസന്നിധിയിൽ വർണവും വാദ്യമേളകളും കൊണ്ട് ഉത്സവം തീർത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ കർപ്പൂരാഴി ഘോഷയാത്ര.ഭക്തിസാന്ദ്രമായ കർപ്പൂരാഴി ഘോഷയാത്രയുമായി തീർത്ഥാടകർക്ക് വേറിട്ട അനുഭവമായി മാറി.

സന്നിധാനത്തു സേവനമനുഷ്ഠിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാർ മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി എല്ലാ വർഷവും നടത്താറുള്ള കർപ്പൂരാഴി ഘോഷയാത്രയാണു പൂർവാധികം വർണപ്പകിട്ടോടെ കൊണ്ടാടിയത്. 

 കഴിഞ്ഞ ദിവസം സന്ധ്യക്കു ദീപാരാധനയ്ക്കുശേഷം 6.40ന് കൊടിമരത്തിന് മുന്നിൽനിന്നു ക്ഷേത്രം തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരിയും ചേർന്ന് കർപ്പൂരാഴിയ്ക്ക് അഗ്നി പകർന്നു തുടക്കം കുറിച്ചു. തുടർന്ന് ക്ഷേത്രത്തിനു വലംവച്ചു നീങ്ങിയ ഘോഷയാത്ര ഫ്‌ളൈ ഓവർ കടന്നു മാളികപ്പുറം ക്ഷേത്രസന്നിധിവഴി നടപ്പന്തലിൽ വലം വച്ചു പതിനെട്ടാംപടിയ്ക്കു മുന്നിൽ സമാപിച്ചു.  

 പുലിവാഹനമേറിയ അയ്യപ്പൻ, ശിവൻ, പാർവതി, ഹനുമാൻ തുടങ്ങിയ  ദേവതാരൂപങ്ങളൾ സന്നിധാനത്തു തിങ്ങിനിറഞ്ഞ ഭക്തസഹസ്രങ്ങൾക്ക് ആനന്ദക്കാഴ്ചയായി. വർണക്കാവടിയും മയൂരനൃത്തവും വിളക്കാട്ടവും കർപ്പൂരാഴി ഘോഷാത്രയ്്ക്ക് മിഴിവേകി. 

 തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ശബരിമല പൊലീസ് സ്‌പെഷ്യൽ ഓഫീസർ കെ.എസ്. സുദർശൻ, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ എച്ച്. കൃഷ്ണകുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഒ.ജി. ബിജു, ദേവസ്വം ബോർഡ് പി.ആർ.ഒ. സുനിൽ അരുമാനൂർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ശബരിമലയിൽ ചുമതലയുള്ള വിവിധ വകുപ്പുകളിലെ ജീവനക്കാർ ഘോഷയാത്രയിൽ പങ്കെടുത്തു. 

 തുടർച്ചയായ രണ്ടാംദിവസമാണ് ശബരിമല സന്നിധാനത്തു കർപ്പൂരാഴി ഘോഷയാത്ര നടക്കുന്നത്. സന്നിധാനത്തു സേവനമനുഷ്ഠിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ നേതൃത്വം കൊടുത്ത കർപ്പൂരാഴി ഘോഷയാത്ര ഡിസംബർ 22ന് വൈകിട്ട് സംഘടിപ്പിച്ചിരുന്നു. മണ്ഡലപൂജയ്ക്കു മുന്നോടിയായിട്ടാണ് സന്നിധാനത്ത് കർപ്പൂരാഴി ഘോഷയാത്ര സംഘടിപ്പിക്കുന്നത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories