കൽപ്പറ്റ: വോട്ടെടുപ്പ് കഴിഞ്ഞതോടെ കണക്കുകൂട്ടലുമായി രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വങ്ങൾ. വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്ക് നാലുലക്ഷം വോട്ടിന്റെ ഭൂരിപക്ഷമുണ്ടാകുമെന്ന് കോൺഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്. അതേ സമയം പോളിംഗിലെ കുറവ് ഇടതു സ്ഥാനാർത്ഥിയെ ബാധിക്കില്ലെന്ന് ആവർത്തിക്കുകയാണ് എൽഡിഎഫ്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാൾ വോട്ട് കൂടുമെന്നാണ് വയനാട്ടിൽ ബിജെപിയുടെ കണക്ക്. വയനാട്ടിൽ പോളിംഗ് കുത്തനെ കുറഞ്ഞ സാഹചര്യത്തിൽ ആശങ്കയിലാണ് മുന്നണികൾ.
ആളുകൾ ബൂത്തിലെത്താത്തതിന് കോൺഗ്രസിന് പറയാൻ കാരണങ്ങളും തയാറാണ്. ഉപതെരഞ്ഞെടുപ്പ് ആയതിനാൽ മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവരും വിദ്യാർഥികളും വോട്ടെടുപ്പിന് എത്തിയില്ലെന്നാണ് ആദ്യ കാരണമായി പറയുന്നത്. രണ്ട്, എൽഡിഎഫ് പ്രചാരണം മോശമായതിനാൽ ഇടതുവോട്ടുകൾ മുഴുവൻ പോൾ ചെയ്തില്ല.
വോട്ടിങ് മെഷീനിൽ വീണതിൽ കോൺഗ്രസിന്റെ കണക്കുകൂട്ടൽ ഇങ്ങനെയാണ് സത്യൻ മൊകേരിക്ക് കിട്ടുന്ന പരമാവധി വോട്ട് രണ്ടേകാൽ ലക്ഷമായിരിക്കും. നവ്യ ഹരിദാസിന് ഒരു ലക്ഷവും. പ്രിയങ്കയ്ക്ക് ആറുലക്ഷത്തി ഇരുപത്തി അയ്യായിരവും ലഭിച്ചാൽ ഭൂരിപക്ഷം കണക്കാക്കുമ്പോൾ നാല് ലക്ഷമാവും. എന്നാൽ എതിരാളികൾ നല്ല മത്സരം പോലും കാഴ്ചവെച്ചില്ലെന്നു പരിഹസിക്കുകയാണ് കോൺഗ്രസ് നേതൃത്വം. ഉത്തരവാദിത്ത രഹിതമായി ബിജെപിയും ഇടതുമുന്നണിയും പ്രവർത്തിച്ച തെരഞ്ഞെടുപ്പാണിത്. വീടുകളിലും കുടുംബയോഗങ്ങളിലും അവരുടെ ആരുമില്ലായിരുന്നുവെന്നും ടി സിദ്ദിഖ് എംഎൽഎ പറയുന്നു.
എൽഡിഎഫ് ക്യാമ്പിൽ തങ്ങൾ മുന്നേറ്റം നടത്തുമെന്നതിനു പറയാൻ കാരണങ്ങൾ ഉണ്ട് . പ്രിയങ്കയുടെ ഭൂരിപക്ഷം കുറയുമെന്നതിന് കാരണങ്ങൾ രണ്ട്. രാഹുൽ ഗാന്ധി അടിച്ചേൽപ്പിച്ച ഉപതെരഞ്ഞെടുപ്പ് എന്ന നിലയിൽ യുഡിഎഫ് അനുഭാവികൾ പോലും വോട്ടുചെയ്യാൻ വിമുഖത കാട്ടി. രാഹുൽ ഒന്നും ചെയ്തില്ല എന്ന വികാരം താഴെതട്ടിൽ എൽഡിഎഫിനു അനുകൂലമായി പോൾ ചെയ്തു. ബൂത്തിൽ പോലും ഇരിക്കാൻ ആളില്ലായിരുന്നു എന്ന യുഡിഎഫ് വിമർശനത്തിനും മറുപടി നൽകി. വയനാട്ടിൽ 576 ബൂത്തുകളാണ് ഉണ്ടായിരുന്നത്. എല്ലാ ബൂത്തുകളിലും 2 പേരുണ്ടായിരുന്നു. ബൂത്തിൽ ആളില്ലാതിരുന്നത് കോൺഗ്രസിനായിരിക്കുമെന്നും സിപിഐ ജില്ലാ സെക്രട്ടറി ഇജെ ബാബു പറഞ്ഞു.
ബിജെപിയുടേത് വ്യത്യസ്തമായ കാരണങ്ങൾ കൂടിയുണ്ട്. തലപ്പുഴയിലെ വഖഫ് ഭൂമി പ്രശ്നം ഉൾപ്പെടെ ഉയർന്നുവന്നത് ക്രിസ്ത്യൻ വോട്ടുകളെ കൂടുതൽ അടുപ്പിച്ചുവെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. ബിജെപി പിന്തുണ അറിയിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ സംരക്ഷിച്ചുനിർത്തും എന്ന ഉറപ്പ് നൽകിയ സ്ഥിതിക്ക് ക്രൈസ്തവ വോട്ടുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ് പ്രതികരിച്ചു.
അതേസമയം, റെക്കോർഡ് ഭൂരിപക്ഷം എന്ന അവകാശ വാദം കോൺഗ്രസിന് ഇപ്പോൾ കേൾക്കാനില്ല.അഞ്ചു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പ്രിയങ്ക ഗാന്ധിയെ ജയിപ്പിക്കുമെന്ന അവകാശവാദം തത്കാലം ഇവിടെ ഉപേക്ഷിക്കുകയാണ് യുഡിഎഫ്. നിലമെച്ചപ്പെടുത്തുമെന്ന് മാത്രം എൽഡിഎഫ് നേതൃത്വവും പറയുന്നു. വോട്ടെടുപ്പ് കഴിഞ്ഞതോടെ യാഥാർഥ്യത്തിലേക്ക് ഇറങ്ങിവരുന്നുണ്ട് മുന്നണികളെന്ന് വ്യക്തം.