തൃശ്ശൂര്‍ മതിലകം ഗ്രാമപഞ്ചായത്ത് 'കൂര്‍ക്കഗ്രാമം' പദ്ധതി പ്രകാരം നടത്തിയ കൂർക്ക കൃഷിക്ക് നൂറു മേനി വിളവ്. പഞ്ചായത്ത് ഒന്നാം വാർഡിലാണ് നാടൻ കൂര്‍ക്ക കൃഷി ചെയ്ത് വിജയം കെെവരിച്ചത്. മതിലകം ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, കൃഷിഭവന്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പാപ്പിനിവട്ടം സർവ്വീസ് സഹകരണ ബാങ്ക് എന്നിവയുടെ സഹകരണത്തോടെയായിരുന്നു കൃഷി.. കൂളിമുട്ടം കാണിവളവിലെ രണ്ടേക്കര്‍ സ്ഥലത്താണ് പദ്ധതി നടപ്പിലാക്കിയത്.
ഒന്നാം വാർഡിലെ തൊഴിലുറപ്പ് പദ്ധതിയിലെ 45 ല്‍പരം തൊഴിലാളികളെ പ്രയോജനപ്പെടുത്തിയാണ് കൃഷി ചെയ്തത്. 279 തൊഴില്‍ദിനങ്ങളിലായി 92,907 രൂപ കൂലിയിനത്തില്‍ തൊഴിലാളികൾക്ക് നല്‍കാന്‍ കഴിഞ്ഞു. അഞ്ച് മാസം പിന്നിട്ടപ്പോൾ 500 കിലോയോളം വിളവാണ് ലഭിച്ചത്. വിളവെടുത്ത കൂർക്ക 60 രൂപ നിരക്കിൽ വില്പന നടത്തുകയും ചെയ്തു. ഇ.ടി.ടൈസൺ എം.എൽ.എ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സീനത്ത് ബഷീർ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പര്‍ കെ.എസ്.ജയ മുഖ്യാതിഥിയായി. വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.