പെന്‍ഷൻ വിതരണവുമായി ബന്ധപ്പെട്ട് മറിയക്കുട്ടി സമർപ്പിച്ച ഹർജിയിൽ സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പല ആവശ്യങ്ങള്‍ക്കും സർക്കാരിന് ചെലവഴിക്കാന്‍ പണമുണ്ടെന്നും സര്‍ക്കാര്‍ ഏതെങ്കിലും ആഘോഷം വേണ്ടെന്ന് വെക്കുന്നുണ്ടോ? എന്നും കോടതി ചോദിച്ചു. പെന്‍ഷന്‍ നല്‍കുന്നതില്‍ മുന്‍ഗണനാക്രമം വേണം. ക്രിസ്മസിന് പെന്‍ഷന്‍ ചോദിച്ചു വന്നത് നിസ്സാരമായി കാണാനാവില്ല. കോടതിക്ക് പൗരന്റെ ഒപ്പം നിന്നേ പറ്റൂ. വൃദ്ധയായ സ്ത്രീക്ക് അവരുടെ ജീവിതമാണ് വലുത് . 1600 രൂപ സർക്കാരിന് ഒന്നുമല്ലായിരിക്കാം. മറിയക്കുട്ടി കോടതിക്ക് വിഐപിയാണെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി. അതേ സമയം , കേന്ദ്രവിഹിതം കിട്ടുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹർജിയിൽ കേന്ദ്ര സര്‍ക്കാര്‍ നാളെ ഹാജരാകണമെന്നും ഹൈകോടതി നിർദ്ദേശിച്ചു.