കുരുന്നു വിരലുകൾ കൊണ്ട് ഭരതനാട്യ മുദ്രകൾ കാണിക്കുകയും പറയുകയും ചെയ്യുന്ന ഒരു കൊച്ചുമിടുക്കിയുണ്ട് കോട്ടയത്ത്. ഭരതനാട്യത്തിലെ 52 മുദ്രകളും ധ്വനിക്ക് കാണാപാഠമാണ്.
കുരുന്നു വിരലില്‍ മുദ്രകള്‍ വിടര്‍ത്തി, കൊഞ്ചല്‍ പോലെയെങ്കിലും മുദ്രകളുടെ പേരുകൾ പറഞ്ഞ് അത്ഭുതപ്പെടുത്തുകയാണ് ധ്വനി മുകേഷ് എന്ന രണ്ടരവയസ്സുകാരി. ചെറുപ്രായത്തില്‍ തന്നെ ഭരതനാട്യ ത്തിലെ 52 മുദ്രകളും ധ്വനി അനായാസേന അവതരിപ്പിക്കുകയും പറയുകയും ചെയ്യും.
നൃത്താധ്യാപികയായ അമ്മ പ്രസീതയില്‍ നിന്നാണ് ധ്വനി ഭരതനാട്യ മുദ്രകള്‍ പഠിച്ചത്. കുരുന്നിലെ മുതല്‍ വീടിലെ ന്യത്ത പഠനശാലയില്‍ അമ്മ നൃത്തം പഠിപ്പിക്കുന്നത് കണ്ടാണ് കൊച്ചു ധ്വനി ഇതെല്ലാം പഠിച്ചത് .
ധ്വനിയുടെ അസാധാരണമായ ഈ കഴിവിന് നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇന്ത്യാ ബുക്ക്‌സ് ഓഫ് റെക്കോർഡ്സ്, 2024 ലെ ഇന്റര്‍ നാഷണല്‍ കിഡ്‌സ് ഐക്കണ്‍ അവാര്‍ഡ്, യംഗ് അച്ചീവേഴ്‌സ് ഒളിംപ്യാഡ് നാഷണല്‍ കോംപറ്റീഷന്‍ സ്‌പെഷ്യല്‍ ടാലന്റ് വിന്നര്‍ എന്നീ അംഗീകാരങ്ങളാണ് കൊച്ചു മിടുക്കി നേടിയത്. കോട്ടയം മൂലേടം അന്തേരില്‍ വീട്ടില്‍ പ്രസീതയുടെയും മുകേഷിന്റെ രണ്ടാമത്തെ മകളായ ധ്വനി ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും താരമാണ്.