കണ്ണൂരില്‍ മലിന ജല പ്ലാന്‍റ് ഉദ്ഘാടനത്തില്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും മേയറും തമ്മില്‍ വാക്കേറ്റം. കണ്ണൂർ മഞ്ചപ്പാലത്തെ മലിന ജലശുദ്ധീകരണ പ്ലാൻറിന്‍റെ ഉദ്ഘാടന ചടങ്ങിലാണ് മേയർ അഡ്വ ടി.ഒ മോഹനനും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ രാഗേഷും തമ്മിൽ വാക്കേറ്റമുണ്ടായത്. വാക്കേറ്റം പ്രവര്‍ത്തകര്‍ തമ്മിലുള്ള കയ്യാങ്കളിയിലേക്ക് എത്തിയെങ്കിലും പൊലീസ് ഇടപെടുകയായിരുന്നു. വേദിയില്‍ വെച്ച് തന്നെ ഇരുവരും പരസ്പരം വാക്കേറ്റം നടത്തിയതോടെയാണ് ചടങ്ങ് അലങ്കോലമായത്. മന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്ത് മടങ്ങിയശേഷമാണ് സംഭവം.
മന്ത്രി പോയതിന് പിന്നാലെ പ്രസംഗിക്കാൻ ക്ഷണിച്ചില്ലെന്ന് ആരോപിച്ച് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ രാഗേഷ് രംഗത്ത് വരികയായിരുന്നു. തുടര്‍ന്ന് മേയറുടെ കയ്യിൽ നിന്ന് മൈക്ക് പിടിച്ചു വാങ്ങാൻ ശ്രമിച്ചു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. പദ്ധതിക്കെതിരെ വാർത്താ സമ്മേളനം നടത്തിയ ആൾ പ്രസംഗിക്കേണ്ടെന്ന് മേയറും മൈക്കില്‍ വിളിച്ചു പറഞ്ഞു. തുടര്‍ന്ന് വേദിയില്‍ മേയര്‍ക്കെതിരെ മുദ്രവാക്യം വിളിയും ഉയര്‍ന്നു. ചടങ്ങിന് എത്തിയവരും പൊലീസും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.