കൊച്ചി ബ്രഹ്‌മപുരത്ത് ജൈവമാലിന്യത്തില്‍ നിന്ന് ബയോഗ്യാസ് ഉല്‍പാദിപ്പിക്കുന്ന സിബിജി പ്ലാന്റ് 2025 ഫെബ്രുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. 150 ടണ്‍ മാലിന്യ സംസ്‌ക്കരണ ശേഷിയുള്ള പ്ലാന്റ് നിര്‍മാണത്തിന് ബിപിസിഎല്‍ ബോര്‍ഡ് അംഗീകാരം നല്‍കി. പ്ലാന്റിന്റെ നിര്‍മ്മാണം 2024 ഫെബ്രുവരിയില്‍ ആരംഭിക്കുമെന്ന് കൊച്ചി മേയര്‍ അറിയിച്ചു.
പ്ലാന്റിന് ബിപിസിഎല്‍ ബോര്‍ഡ് അംഗീകാരം നല്‍കിയതോടെ ടെന്‍ണ്ടര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. 150 ടണ്‍ ജൈവമാലിന്യം സംസ്‌ക്കരിക്കുകയാണ് പ്ലാന്റിന്റെ ലക്ഷ്യം. മറ്റ് തദ്ദേശസ്ഥാപനങ്ങള്‍ക്കും പ്‌ളാന്റ് പ്രയോജനപ്പെടുത്താന്‍ കഴിയും. കൊച്ചി കോര്‍പ്പറേഷന്റെ കൈവശമുള്ള ബ്രഹ്‌മപുരത്തെ ഭൂമിയില്‍ നിന്നും 10 ഏക്കര്‍ ഭൂമിയാമ് ബിപിസിഎല്ലിന് കൈമാറുന്നത്. ഏകദേശം 150 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്.
പ്ലാന്റില്‍ ഉല്‍പ്പാദിപ്പിക്കുന്ന ജൈവ വളം കര്‍ഷകര്‍ക്ക് ലഭ്യമാക്കും. മാലിന്യ സംസ്‌ക്കരണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന മലിനജലം സംസ്‌ക്കരിച്ച് ശുദ്ധജലമായിട്ടായിരിക്കും പുരത്തു വിടുക. സംസ്‌ക്കരണത്തിന് ശേഷം ബാക്കിയാകുന്ന അജൈവമാലിന്യം ക്ലീന്‍ കേരള കമ്പനി ഏറ്റെടുത്ത് സംസ്‌ക്കരിക്കും. കൊച്ചി കോര്‍പ്പറേഷനിലെ ജൈവമാലിന്യ പ്രശ്‌നത്തിന് കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് പൂര്‍ണ്ണ പരിഹാരമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.