പ്ലാസ്റ്റിക്കിനെ പരമാവധി ഒഴിവാക്കിയുള്ള ക്രിസ്മസ് ആഘോഷത്തിനായി പ്രകൃതിദത്ത ക്രിസ്മസ് ട്രീകള്‍ ഒരുക്കി കൃഷിവകുപ്പ്. തൃശ്ശൂരില്‍ മണ്ണുത്തിയിലെ സീഡ് ഫാമിലാണ് ക്രിസ്മസ് ട്രീ ചെടികള്‍ വികസിപ്പിച്ച് വില്പനക്ക് വെച്ചിരിക്കുന്നത്.
കൃഷിവകുപ്പിന് കീഴിലെ മണ്ണുത്തി സീഡ് ഫാമിലാണ് ക്രിസ്മസ് ട്രീകള്‍ വില്പനക്കുള്ളത്. ഗോള്‍ഡന്‍ സൈപ്രസ് ഇനത്തില്‍പ്പെട്ട ക്രിസ്മസ് ട്രീകളുടെ തൈകളാണ് ഇവിടെ വിപണനത്തിന് തയ്യാറായിരിക്കുന്നത്. ചുരുങ്ങിയ എണ്ണം മാത്രമാണ് ഇപ്പോള്‍ വിപണനത്തിന് എത്തിച്ചിരിക്കുന്നത്.
കൃഷിവകുപ്പിന്റെ കീഴില്‍ ജില്ലയിലെ ഒട്ടുമിക്ക ഫാമുകളിലും ഈ ക്രിസ്തുമസ് ട്രീകൾ വിതരണം ചെയ്യുന്നുണ്ട്. പാണഞ്ചേരി, പഴയന്നൂര്‍, മണ്ണുത്തി, കോടശേരി, ചേലക്കര , ഇരിങ്ങാലക്കുട, എടത്തുരുത്തി എന്നിവിടങ്ങളില്‍ തൈകള്‍ ലഭ്യമാണ്. ഇത് ഇന്‍ഡോര്‍ പ്ലാന്റ് വിഭാഗത്തില്‍ പെടുന്ന സസ്യമല്ലെങ്കിലും, മൂന്നോ നാലോവര്‍ഷം വരെ ചെടിച്ചട്ടിയില്‍ വളര്‍ത്തിയതിനു ശേഷം പിന്നീട് വീട്ടുമുറ്റത്ത് നട്ടുവളര്‍ത്തി പരിപാലിക്കാം. ഗോള്‍ഡന്‍ സൈപ്രസ് കൂടാതെ അരക്കേറിയ അഥവാ ഓര്‍ക്കേറിയ, തൂജ എന്നിവയും ക്രിസ്മസ് ട്രീ കളാക്കുന്നുണ്ട് .