കടുത്ത വേനലിലും ജല സമൃദ്ധമാണ് തൃശ്ശൂര്‍ മരോട്ടിച്ചാൽ ചുള്ളിക്കാവ് ചിറ. വെള്ളം തടഞ്ഞു നിർത്താൻ ആധുനി രീതിയിലുള്ള ഷട്ടർ നിർമ്മാണം പൂർത്തിയായതോടെ പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ള ക്ഷാമത്തിനും ശാശ്വത പരിഹാരമായി.
പുത്തൂർ പഞ്ചായത്ത് ഏഴാം വാർഡ് പരിധിയിൽ വരുന്ന മരോട്ടിച്ചാൽ ചുള്ളിക്കാവ് ചിറയാണ് വേനലിലും നിറഞ്ഞൊഴുകുന്നത്. പാഴായി പോവുന്ന വെള്ളം കൃത്യമായ അളവിൽ തടഞ്ഞ് നിർത്തിയാൽ നിരവധി പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാനാവും എന്ന ആശയമാണ് തകർന്ന് കിടന്ന ഷട്ടറുകൾ മാറ്റി പുതിയവ സ്ഥാപിക്കാൻ ഇടയായത്. ഇതിനായി പഞ്ചായത്തിൽ നിന്നും 4 ലക്ഷത്തി അമ്പതിനായിരം രൂപയും അനുവദിച്ചു. ഇത്രയും കുറവ് തുകക്ക് നല്ല രീതിയിൽ ഷട്ടർ പുനസ്ഥാപിക്കുക എന്നത് ചോദ്യ ചിഹ്നമായതോടെയാണ് ചിറ സംരക്ഷണ സമിതി പ്രവർത്തകർ മുന്നോട്ട് വന്നത്, കരാറുകാരനിൽ നിന്നും ഉപകരാർ എടുത്ത ശേഷം നിർമ്മാണ സാമഗ്രികൾ എത്തിച്ചു. നിരവധി പേർ ഉൾപ്പെടുന്ന ചിറ സംരക്ഷണ സമിതി പ്രവർത്തകർ തങ്ങൾക്ക് കഴിയാവുന്ന വിധത്തിൽ സൗജന്യമായി പണികൾ ചെയ്ത് നൽകി.
ദിവസേന പത്തോളം പേർ മാറി മാറി നവംബർ 10 മുതൽ ആരംഭിച്ച പണികൾ ഡിസംബർ ആറിന് പൂർത്തിയാക്കി. കഠിനാധ്വാനവും കുട്ടായ പ്രവർത്തനവും ഒത്തൊരുമ്മിച്ചപ്പോൾ 15 ലക്ഷത്തിൽ പരം രൂപ ചിലവ് വരുന്ന പണികൾ കേവലം 5 ലക്ഷം രൂപയിൽ ചെയ്ത് തീർക്കാനായി, 2 ചീപ്പുകളും ഒരു റെഗുലേറ്റിങ്ങ് ഷട്ടറും ഉൾപ്പടെ മൂന്ന് ഷട്ടറുകളാണ് ആധുനിക രീതിയിൽ സ്ഥാപിച്ചത്. വെള്ളത്തിൽ കിടക്കുന്ന ഇരുമ്പ് ഷീറ്റുകൾ തുരുമ്പ് പിടിക്കാതിരിക്കാൻ കവചമായി ടാർ ഷീറ്റും, വശങ്ങളിലെ ലീക്ക് തടയാൻ സിൽക്കൺ കോമ്പൗണ്ട് പ്രൂഫും സ്ഥാപിച്ചു. ഇതോടെ ചുള്ളിക്കാവ് ചിറ ജല സമൃദ്ധമായി. ഒപ്പം പുത്തൂർ പഞ്ചായത്തിലെ 5 വാർഡുകളിലെ ജനങ്ങളുടെ കുടിവെള്ള ക്ഷാമത്തിനും ശാശ്വത പരിഹാരമായി. ജലം സമൃധമായതോടെ പ്രദേശത്തെ യുവാക്കൾക്ക് നീന്തി കുളിക്കുന്നതിനുള്ള ഇഷ്ട്ട സ്ഥലം കൂടെയായി മാറുകയാണ് മരോട്ടിച്ചാൽ ചുള്ളിക്കാവ് ചിറ. ചിറ സംരക്ഷണ സമിതി പ്രവർത്തകരായ സോമൻ കാര്യാട്ട്, രാജേഷ് കാര്യാട്ട്, ജെയിംസ് വെണ്ണാട്ട് പറമ്പിൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്.