Share this Article
ഫാം ഹൗസിലെ നീന്തൽക്കുളത്തിൽ സ്ത്രീയുടെ മൃതദേഹം, ശരീരത്തിൽ പൊള്ളൽ; ഭർത്താവും അനുജന്റെ ഭാര്യ‌യും കസ്റ്റഡിയിൽ
വെബ് ടീം
posted on 01-12-2023
1 min read
Woman's dead body found in a private farm in Idukki

കട്ടപ്പന: ഫാമിലെ നീന്തൽക്കുളത്തിൽ കത്തിക്കരിഞ്ഞ നിലയിൽ സ്ത്രീയുടെ മൃതദേഹം. വാഴവര മോർപ്പാളയിൽ ഷിബുവിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ നീന്തൽക്കുളത്തിലാണ് മൃതദേഹം കണ്ടത്. ഷിബുവിന്റെ സഹോദരന്റെ ഭാര്യ മോർപ്പാളയിൽ ജോയ്‌സ് ഏബ്രഹാം (52) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഫാം സന്ദർശിക്കാൻ എത്തിയവരാണ് മൃതദേഹം കണ്ടത്. വെള്ളത്തിൽ കമിഴ്ന്ന നിലയിരുന്നു മൃതദേഹം. ഉടൻതന്നെ നാട്ടുകാരെയും തുടർന്ന് പൊലീസിലും വിവരം അറിയിച്ചു. സംഭവത്തിൽ ഭർത്താവ് എം.ജെ.ഏബ്രഹാമിനെയും അനുജന്റെ ഭാര്യ ഡയാനയേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

മകനൊപ്പം കാനഡയിലായിരുന്ന ജോയ്‌സും ഭർത്താവ് എം.ജെ.ഏബ്രഹാമും(ലാലിച്ചൻ) നാലുമാസം മുൻപാണ് നാട്ടിലെത്തിയത്. ഇവരുടെ ഉടമസ്ഥതയിലുള്ള വീട് പാട്ടത്തിന് നൽകിയിരിക്കുന്നതിനാൽ ഷിബുവും കുടുംബവും താമസിക്കുന്ന ഏബ്രഹാമിന്റെ തറവാട്ടിലാണ് താമസിച്ചിരുന്നത്. ഇവർ താമസിക്കുന്ന വീട്ടിൽ തീപിടുത്തമുണ്ടായതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ഷിബുവിന്റെ ഭാര്യ ഫാം സന്ദർശിക്കാൻ എത്തിയവരോടൊപ്പമായിരുന്നെന്നാണ് വിവരം. ഷിബു സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഏബ്രഹാം ആശുപത്രിയിൽ പോയിരിക്കുകയായിരുന്നെന്നാണ് അറിവ്. കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്‌മോന്റെ നേതൃത്വത്തിൽ തങ്കമണി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇടുക്കിയിൽ നിന്ന് ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ഇടുക്കി മെഡിക്കൽ കോളജിലേക്കു മാറ്റി. മകൻ: അലൻ(കാനഡ).

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories