തൃശ്ശൂര്‍ കഴിമ്പ്രം ബീച്ചിൽ നടക്കുന്ന 'ആല-ചേറ്റുവ മണപ്പുറം' ബീച്ച് ഫെസ്റ്റിവലിൽ ആരംഭിച്ച 'പെരും കളിയാട്ടം' ഫോട്ടോ പ്രദർശനം ശ്രദ്ധേയമാകുന്നു. കഴിമ്പ്രം സ്വദേശി സജീഷ് ആളുപ്പറമ്പിൽ പകർത്തിയ തെയ്യ ചിത്രങ്ങളാണ് ഏവരേയും വിസ്മയിപ്പിക്കുന്നത്..
പത്ത് വർഷത്തെ പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തിയപ്പോഴാണ് തെയ്യത്തെക്കുറിച്ചുള്ള അന്വേഷണം സജീഷ് ആരംഭിക്കുന്നത്. തെയ്യക്കാലമായാൽ സജീഷ് ക്യാമറയുമായി കണ്ണൂരിലേക്ക് വണ്ടികയറും. വടക്കൻ മലബാറിലെ ആചാരങ്ങൾ പാലിച്ചാണ് സജീഷ് തെയ്യ ചിത്രങ്ങൾ എടുക്കാൻ പോകുന്നത്.
വടകര മുതൽ കാസർഗോഡ് വരെയുള്ള കാവുകളിൽ നിന്ന് ആറ് വർഷത്തിനിടെ സജീഷ് ക്യാമറയിൽ പകർത്തിയത് മുന്നൂറിലധികം വ്യത്യസ്ത ചിത്രങ്ങളാണ്. മുച്ചിലോട്ട് ഭഗവതി, കണ്ടനാർ കേളൻ, തീച്ചാമുണ്ഡി, പൊട്ടൻ തെയ്യം, തീക്കുട്ടിച്ചാത്തൻ, മാർണ ഗുളികൻ, മൂകാംബിക ഗുളികൻ, ഹനുമാൻ തെയ്യം തുടങ്ങിയവയെല്ലാം ഇതിൽപ്പെടും.
ഒരു വർഷം 236 വ്യത്യസ്ത തെയ്യ ചിത്രങ്ങൾ പകർത്തിയതിന് ലോക റെക്കോർഡും സജീഷ് നേടിയിട്ടുണ്ട് . സംസ്ഥാന തലത്തിൽ നിരവധി പുരസ്കാരങ്ങളും ഇതിനോടകം സജീഷിനെ തേടിയെത്തി. നിരവധി ഫോട്ടോ പ്രദർശനങ്ങളും നടത്തിയിട്ടുണ്ട്. കഴിമ്പ്രത്ത് 25 ഓളം തെയ്യ ചിത്രങ്ങളാണ് പ്രദർശനത്തിന് വെച്ചിരിക്കുന്നത്
പ്രദർശന വേദിയിൽ നിരവധി പേരാണ് ചിത്രങ്ങൾ കാണാൻ എത്തുന്നത്. സി.സി. മുകുന്ദൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ പി.എം.അഹമ്മദ്, വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്ക് തുടങ്ങിയവർ ഫോട്ടോ പ്രദർശന വേദിയിൽ എത്തിയിരുന്നു.