കോഴിക്കോട് വീണ്ടും സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമം. ഉള്ളിയേരിയിൽ കാർ യാത്രക്കാരനെയും വടകരയിൽ കുടുംബത്തോടൊപ്പം കാറില്‍ യാത്രചെയ്യുകയായിരുന്ന വ്യാപാരിയെയും ബസ് ജീവനക്കാർ മർദിച്ചു. ഉള്ളിയേരിയിൽ ബസിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.
ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. കഴുത്തിനും മുഖത്തും പരിക്കേറ്റ യാത്രക്കാർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബം അത്തോളി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
കുടുംബത്തോടൊപ്പം കാറില്‍ യാത്രചെയ്യുകയായിരുന്ന വ്യാപാരിയ്ക്കാണ് ബസ് ജീവനക്കാരന്റെ ക്രൂരമര്‍ദനമേറ്റത്. വടകര മൂരാട് സ്വദേശിയായ സാജിദ് കൈരളിയെയാണ് സ്വകാര്യബസിലെ ക്ലീനര്‍ റോഡിലിട്ട് മര്‍ദിച്ചത്.
ബസിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞാണ് ജീവനക്കാരന്‍ മര്‍ദിച്ചതെന്നാണ് കാര്‍ ഓടിച്ചിരുന്ന സാജിദിന്റെ പരാതി. വടകര കുട്ടോത്തായിരുന്നു സംഭവം.
സ്ത്രീകള്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍ക്കൊപ്പം മരണവീട്ടില്‍നിന്ന് മടങ്ങുന്നതിനിടെയാണ് വടകര ചാനിയംകടവ്-പേരാമ്പ്ര റൂട്ടിലോടുന്ന ദേവനന്ദ ബസിലെ ക്ലീനര്‍ ക്രൂരമായി മര്‍ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ കാറിലുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയിരുന്നു.