Share this Article
വ്യാപാര സ്ഥാപനത്തില്‍ പട്ടാപ്പകല്‍ മോഷണം; രണ്ടു ലക്ഷത്തോളം രൂപ മോഷണം പോയി, 3 യുവാക്കള്‍ പിടിയില്‍
Daylight robbery of a business; Two lakhs of rupees were stolen, 3 youths were arrested

തൃശൂർ അരിയങ്ങാടിയിലെ വ്യാപാര സ്ഥാപനത്തിൽനിന്നും പട്ടാപ്പകൽ രണ്ടു ലക്ഷത്തോളം രൂപ മോഷണം നടത്തിയ അന്ത:ജില്ല മോഷണസംഘത്തിലെ മൂന്നുപേരെ തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോക് IPS ന്റെ കീഴിലുള്ള  ഷാഡോ പോലീസും തൃശ്ശൂർ ടൌൺ ഈസ്റ്റ് പോലീസും ചേർന്ന് ബാംഗ്ലൂരിൽനിന്നും  അറസ്റ്റ് ചെയ്തു. വിവിധ ജില്ലകളിൽ നിരവധി മോഷണ കേസുകളിൽ പ്രതികളായ കോട്ടയം കുമളി അമരാവതി സ്വദേശി പനംപറമ്പിൽ അലൻ തോമസ് (22), ഈരാറ്റുപേട്ട പനച്ചിക്കപ്പാറ സ്വദേശികളായ തെക്കേടത്ത് വീട്ടിൽ അമൽ ജോർജ്ജ് (22),  എരട്ടേൽ വീട്ടിൽ അശ്വിൻ (19) എന്നിവരാണ് പിടിയിലായത്.


ഇക്കഴിഞ്ഞ ഡിസംബർ 17ന് പകൽ തൃശ്ശൂർ അരിയങ്ങാടിയിലെ പ്രിൻറിങ്ങ് സ്ഥാപനത്തിന്റെ ഓഫീസിന്റെ ഷട്ടർ പകുതി താഴ്തി, തൊഴിലാളികളും ഓഫീസ് ജീവനക്കാരും തൊട്ടടുത്ത അവരുടെ ഉടമസ്ഥതയിലുള്ള മറ്റൊരു സ്ഥാപനത്തിലേക്ക് പോയ സമയത്ത് ഓഫീസിന്റെ അകത്തുകടന്ന് മേശയിൽ സൂക്ഷിച്ചിരുന്ന രണ്ടു ലക്ഷത്തോളം രൂപ മോഷണം നടത്തിയ കേസിന്റെ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.


അറസ്റ്റിലായ പ്രതികൾക്ക് വിവിധ ജില്ലകളിലായി ബൈക്ക് മോഷണ കേസുകളും, നിരവധി മോഷണ കേസുകളും നിലവിൽ ഉണ്ട്. എറണാകുളത്തുനിന്നും ബസ്സ് മാർഗ്ഗം തൃശ്ശൂരിലെത്തിയ സംഘം നിരവധി വ്യാപാരസ്ഥാപനങ്ങളിൽ  മോഷണം നടത്തുവാൻ ശ്രമിച്ചെങ്കിലും മോഷണ ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു. പിന്നീട് അരിയങ്ങാടിയിലെത്തിയ സംഘം വിവിധ വ്യാപാര സ്ഥാപനങ്ങളിൽ കറങ്ങി നടന്ന് ഒടുവിൽ ഷട്ടർ പാതി താഴ്ത്തിയ പ്രിൻറിങ്ങ് സ്ഥാപനത്തിൽ കയറി ഓഫീസിലെ മേശയിൽ സൂക്ഷിച്ചിരുന്ന രണ്ടുലക്ഷത്തോളം രൂപ മോഷണം നടത്തുകയായിരുന്നു.


മോഷണം നടത്തിയ ശേഷം തൃശ്ശൂരിൽ നിന്നും ട്രെയിൻ മാർഗ്ഗം ബാംഗ്ലൂരിലേക്ക് രക്ഷപ്പെട്ട സംഘം വിദ്യാർത്ഥികൾ എന്ന നിലയിൽ അവിടെ മുറിയെടുത്ത് ഒളിവിൽ കഴിയുകയായിരുന്നു. മോഷണം നടന്ന വിവരം അറിഞ്ഞ ഉടനെ തന്നെ സമാനരീതിയിൽ മോഷണങ്ങൾ നടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. ബാംഗ്ളൂരിൽ നടത്തിയ അന്വേഷണത്തിൽ, സാഹസികമായിയാണ്  പ്രതികളെ അവരുടെ ഒളിസങ്കേതത്തിൽനിന്നും പിടികൂടിയത്.


അറസ്റ്റിലായ പ്രതികൾ ലഹരി വസ്തുക്കൾ സ്ഥിരമായി ഉപയോഗിക്കുന്നവരാണ്. ലഹരിവസ്തുക്കൾ വാങ്ങി ഉപയോഗിക്കുന്നതിനും, ആഢംബര ജീവിതത്തിനും വേണ്ടിയാണ് ഈ സംഘം മോഷണങ്ങൾ നടത്തിയിരുന്നത്. അറസ്റ്റിലായ ഇവരിൽനിന്ന് വിലപിടിപ്പുള്ള ആറോളം മൊബൈൽ ഫോണുകളും, പതിനായിരങ്ങൾ വില വരുന്ന ആഢംബരവസ്തുക്കളും കണ്ടെടുത്തു. ബാംഗ്ലൂരിൽനിന്നും അറസ്റ്റ്ചെയ്ത ഇവരെ തൃശ്ശൂരിലെത്തിച്ച് കോടതിയിൽ ഹാജരാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻറ് ചെയ്തു .  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories