കോഴിക്കോട്: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ വിളകൾ നശിപ്പിക്കുന്ന ഒരു പറ്റം കാട്ടുപന്നികളെ വെടിവച്ചുകൊന്നു. സർക്കാരിന്റെ പുതിയ ഉത്തരവു പ്രകാരം ഗ്രാമപഞ്ചായത്തുകൾക്കു ലഭിച്ച പ്രത്യേക അധികാരം ഉപയോഗിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്തിലാണ് അഞ്ചു കാട്ടുപന്നികളെ വെടിവച്ചു കൊന്നത്. ജോസ് പുതിയേടത്ത്, സെബാസ്റ്റ്യൻ പുതുവേലിൽ, കുര്യൻ പാണ്ടപടത്തിൽ, ജേക്കബ് മംഗലത്തിൽ എന്നീ ഷൂട്ടർമാർ പരിശീലിപ്പിച്ച നായ്ക്കളുടെ സഹായത്തോടെയായിരുന്നു പന്നികളെ പിടികൂടിയത്. ഇവയെ ശാസ്ത്രീയമായി സംസ്കരിച്ചു.
പഞ്ചായത്ത് അംഗങ്ങളുടെയും പ്രദേശവാസികളുടെയും സഹായത്തോടെയാണു ദൗത്യം നടത്തിയത്. വരും ദിവസങ്ങളിലും വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ തിരച്ചിൽ നടത്തി വെടിവയ്ക്കാൻ അനുമതി നൽകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് പറഞ്ഞു. മുൻപു കാട്ടുപന്നികളെ വെടിവച്ച് കൊന്നാൽ ഫോറസ്റ്റർ റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥൻ 2 പൊതുജനങ്ങളുടെ സാന്നിധ്യത്തിൽ മഹസർ തയാറാക്കണം. പുതുക്കിയ ഉത്തരവുകൾ കർഷകരുടെ ദുരിതങ്ങൾക്കു ദ്രുതഗതിയിൽ പരിഹാരം കണ്ടെത്തുന്നതിനു സഹായകരമായെന്നു പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.