ഗ്ലോബൽ ഇന്ത്യൻ സ്റ്റുഡൻറ് ഡിജിറ്റൽ ഫെസ്റ്റിന് കോഴിക്കോട് ദയാപുരം റസിഡൻഷ്യൽ സ്കൂളിൽ തുടക്കമായി. നൗക്രി ഡോട്ട് കോം സ്ഥാപകനും അശോക സർവകലാശാല സഹസ്ഥാപകനുമായ സഞ്ജീവ് ബിഖ് ചന്ദാനി ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ പൗരത്വമുള്ള വിദ്യാർത്ഥികളാണ് ഫെസ്റ്റിൽ പങ്കെടുക്കുന്നത്. ദയാപുരം റസിഡൻഷ്യൽ സ്കൂളിൽ നടക്കുന്ന ഗ്ലോബൽ ഇന്ത്യൻ സ്റ്റുഡന്‍റ് ഡിജിറ്റൽ
ഫെസ്റ്റില്‍ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 40 സ്കൂളുകളാണ് പങ്കെടുക്കുന്നത്. ഉപഭോക്താക്കളില്‍ നിന്ന് നിർമാതാക്കളുടെ തലത്തിലേക്ക് കുട്ടികളെ വളർത്തുക, കോഡിംഗ് മേഖലയില്‍ ഇന്ത്യയുടെ സംഭാവനകള്‍ ആഘോഷിക്കുക, ഈ രംഗത്തെ സ്കൂള്‍ തല പ്രതിഭകൾക്ക് വേദിയൊരുക്കുക എന്നിവയാണു ഫെസ്റ്റിന്‍റെ ലക്ഷ്യങ്ങള്‍. ഉദ്ഘാടന ചടങ്ങിൽ ദയാപുരം ചെയർമാനും എഴുത്തുകാരനുമായ ഡോ. എം.എം.ബഷീർ അധ്യക്ഷത വഹിച്ചു. പിടിഎ റഹിം എംഎല്‍എ മുഖ്യാതിഥിയായിരുന്നു.
വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ പൌരത്വമുള്ള വിദ്യാർത്ഥികളെയാണ് ഇതിൽ പങ്കെടുപ്പിക്കുന്നത്. യുഎഇ, കാനഡ, ബഹറിൻ, യുകെ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ സ്കൂളുകളിൽ നിന്നുള്ള ഇന്ത്യൻ പൗരരായ വിദ്യാർത്ഥികളും ഇന്ത്യയിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളും പങ്കെടുക്കുന്നുണ്ട്. സാങ്കേതികവിദ്യാരംഗത്തെ വിഷയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പ്രബന്ധാവതരണം, നിർമിതബുദ്ധി, റോബോട്ടിക്സ്, ഇന്‍റർനെറ്റ് ഓഫ് തിങ്സ് വിഭാഗത്തില്‍ വിദ്യാർത്ഥികള്‍ രൂപകല്പന ചെയ്ത ആശയങ്ങളും ഉപകരണങ്ങളും, വെബ് സൈറ്റുകള്‍, മൊബൈല്‍ ആപ്പുകൾ തുടങ്ങിയവയാണ് ഫെസ്റ്റില്‍ പ്രദർശിപ്പിക്കുന്നതെന്ന് ദയാപുരം സ്കൂൾ പ്രിൻസിപ്പാൾ പി.ജ്യോതി പറഞ്ഞു.ഒന്നാം സ്ഥാനക്കാർക്ക് പതിനായിരം രൂപയും അംഗീകാരപത്രവും രണ്ടാം സ്ഥാനക്കാർക്ക് അയ്യായിരം രൂപയും അംഗീകാരപത്രവും ലഭിക്കും. ഗ്ലോബൽ ഫെസ്റ്റ് ഇന്ന് സമാപിക്കും.