കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ രസതന്ത്ര വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ രണ്ടുദിവസത്തെ അന്താരാഷ്ട്ര സമ്മേളനം ആരംഭിച്ചു. നാനോ ടെക്‌നോളജിയും അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സും ഹരിത- സുസ്ഥിര ഭാവിക്ക് എന്ന വിഷയത്തിലാണ് സമ്മേളനം. മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
ഡിസംബര്‍ 5, 6 തിയ്യതികളിലായി നടക്കുന്ന കോണ്‍ഫറന്‍സില്‍ ദേശീയ പ്രാധാന്യമുള്ള ഗവേഷണസ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരും റഷ്യയിലെ സെന്‍റ് പീറ്റേഴ്‌സ് ബര്‍ഗ് സര്‍വകലാശാലയില്‍ നിന്നടക്കമുള്ള പ്രൊഫസര്‍മാരും പ്രഭാഷകരും അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുക്കുന്നുണ്ട്.
സംസ്ഥാനസര്‍ക്കാരിന്‍റെ ധനസഹായത്തോടെയാണ് സമ്മേളനം. ഇത് മൂന്നാംതവണയാണ് രസതന്ത്ര വിഭാഗം എറണാകുളം മഹാരാജാസ് കോളേജില്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. ഉദ്ഘാടനച്ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.എസ് ജോയ് അധ്യക്ഷനായിരുന്നു. കോളേജിലെ ജിഎന്‍ആര്‍ ഹാളിലാണ് പരിപാടി.
കോണ്‍ഫറന്‍സുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളും അധ്യാപകരും അവതരിപ്പിക്കുന്ന പ്രബന്ധങ്ങളില്‍ മികച്ചതിന് ക്യാഷ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.