കുസാറ്റിലെ സംഗീത പരിപാടിയ്ക്കിടെ ഉണ്ടായ അപകടത്തില്‍ ചില സംവിധാനങ്ങള്‍ക്ക് വീഴ്ച പറ്റിയെന്ന് ഹൈക്കോടതി. വിലപ്പെട്ട ജീവനുകളാണ് നഷ്ടമായതെന്നും ആരെയും കുറ്റപ്പെടുത്താനില്ലെന്നും കോടതി പറഞ്ഞു.
കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ചില സംവിധാനങ്ങള്‍ക്ക് വീഴ്ച പറ്റിയെന്നും വിലപ്പെട്ട ജീവനുകളാണ് നഷ്ടപ്പെട്ടതെന്നും കോടതി പറഞ്ഞു. സംഭവത്തില്‍ ഏതൊക്കെ അന്വേഷണം നടക്കുന്നു എന്ന് അറിയണം. സര്‍ക്കാരിനോടും സര്‍വ്വകലാശാലയോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംവിധാനങ്ങളുടെ പരാജയങ്ങളിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്. ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ സര്‍വകലാശാല അധികൃതര്‍ക്കും ചില ഉത്തരവാദിത്തമുണ്ട്. പരിപാടിയുടെ സംഘാടകരായ കുട്ടികളെ കുറ്റക്കാരാക്കരുത്. സംഭവം ആവര്‍ത്തിക്കാതിരിക്കാനാണ് ശ്രമിക്കേണ്ടതെന്നും കോടതി പറഞ്ഞു.
സംഭവത്തില്‍ നാല് തരത്തിലുള്ള അന്വേഷണം നടക്കുന്നതായി സര്‍വകലാശാല അറിയിച്ചു. സുരക്ഷ ഒരുക്കണമെന്ന എന്‍ജിനിയറിങ് വിഭാഗം പ്രിന്‍സിപ്പാളിന്റെ കത്ത് അവഗണിച്ചെന്ന് കെ എസ് യു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹര്‍ജി ഈ മാസം 14 ന് പരിഗണിക്കാനായി മാറ്റി.