മുഖവൂർ മഹാവിഷ്ണു സ്വാമി ക്ഷേത്ര ശ്രീകോവിലിന്റെ പൂട്ടും കാണിക്കപ്പെട്ടിയും തകർത്ത് പണം കവർന്ന കേസിലെ പ്രതി അറസ്റ്റിൽ നെടുമങ്ങാട്∙ കരിപ്പൂര് മുഖവൂർ മഹാവിഷ്ണു സ്വാമി ക്ഷേത്രത്തിൽ തിങ്കളാഴ്ച രാത്രി ശ്രീകോവിലിന്റെ പൂട്ടും കാണിക്കപ്പെട്ടിയും തകർത്ത് പണം കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. നെടുമങ്ങാട് പുലിപ്പാറ തടത്തരികത്തു വീട്ടിൽ തങ്കപ്പൻ മകൻ വെട്ടുകത്തി ശ്രീകുമാർ എന്ന ശ്രീകുമാറിനെ (38) ആണ് വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമ കേസിലെ പ്രതിയാണ് ഇയാൾ എന്നും പൊലീസ് പറഞ്ഞു.
ശ്രീകോവിലിന്റെ പൂട്ട് തകർത്ത് 2 കാണിക്കപ്പെട്ടികൾ പുറത്തെടുത്ത്, ഒരെണ്ണത്തിനെ പൂട്ട് തകർത്ത് അതിൽ ഉണ്ടായിരുന്ന ചില്ലറ നാണയങ്ങൾ ഒഴികെയുള്ള ബാക്കി തുക ആയിരുന്നു കവർന്നത്. ചില്ലറ നാണയങ്ങൾ സമീപത്ത് ചിതറി കിടപ്പുണ്ടായിരുന്നു. മറ്റേ കാണിക്കപ്പെട്ടി തുറക്കാനുള്ള ശ്രമം വിഫലമായി. ശ്രീകോവിലിന് പുറമേ ഓഫിസ്, തിടപ്പള്ളി, സ്റ്റോർ എന്നിവയുടെ പൂട്ടുകളും തകർത്തിട്ടുണ്ടായിരുന്നു. രണ്ടാഴ്ച മുൻപ് ക്ഷേത്ര കമ്മിറ്റി കാണിക്കപ്പെട്ടികൾ പൊട്ടിച്ച് അതിൽ ഉണ്ടായിരുന്ന തുക എടുത്തിരുന്നതിനാൽ, ഇപ്പോൾ കാര്യമായ തുക കാണിക്കപ്പെട്ടിയിൽ ഉണ്ടാകാൻ സാധ്യതയില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. ക്ഷേത്രത്തിലെ മറ്റ് സാധനങ്ങൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
ചൊവ്വാഴ്ച പുലർച്ചെ 5.15ന് പതിവുപോലെ ക്ഷേത്ര മേൽശാന്തി ക്ഷേത്രം തുറക്കാൻ എത്തിയപ്പോൾ ആയിരുന്നു പൂട്ടുകൾ തകർത്ത നിലയിൽ കാണപ്പെട്ടത്. ഇതേ തുടർന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെ വിവരം അറിയിക്കുകയും അവർ എത്തി വലിയമല പൊലീസിൽ പരാതി നൽകുകയും ആയിരുന്നു. 800 രൂപയോളം നഷ്ടപ്പെട്ടിട്ട് ഉണ്ടെന്ന് കാട്ടി ആയിരുന്നു വലിയമല പൊലീസ് കേസ് എടുത്തത്.
പൊലീസിനെ കൂടാതെ വിരൽ അടയാള വിദക്തരും ചൊവ്വാഴ്ച തെളിവുകൾ ശേഖരിക്കാൻ എത്തിയിരുന്നു. വിരൽ അടയാളം പരിശോധിച്ച വിരൽ അടയാള വിദക്തർക്ക് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിൽ ആയിരുന്നു പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞത്. വലിയമല എസ്ഐ അൻസാരി, സിപിഒ ശിലുകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘം ആയിരുന്നു പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ശ്രീകുമാറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.