പ്രസിദ്ധമായ ആലുവ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ ശ്രീപാർവ്വതിദേവിയുടെ നടതുറന്നു. ഇനിയുള്ള 11 ദിനങ്ങൾ വിശേഷാൽ പൂജകളും മറ്റും ഉണ്ടാകും. ആളുകൾക്ക് ക്ഷേത്രത്തിലേക്ക് എത്തുന്നതിനായി പ്രത്യേക കെ എസ് ആർ ടി സി സർവ്വീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്.
നടതുറപ്പുത്സവത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള വർണ്ണാഭമായ തിരുവാഭരണ ഘോഷയാത്ര അകവൂർ മനയിൽ നിന്നാണ് ആരംഭിച്ചത്. മൂന്നര മണിക്കൂർ പിന്നിട്ട് ഘോഷയാത്ര രാത്രി ഏഴര മണിയോടെ ക്ഷേത്രത്തിൽ എത്തി. ക്ഷേത്രം മേൽശാന്തി നടുവം നാരായണൻ നമ്പൂതിരി രഥത്തിൽ നിന്ന് തിരുവാഭരണങ്ങൾ ഏറ്റുവാങ്ങി ശ്രീകോവിലിലെ വിഗ്രഹങ്ങളിൽ അണിയിച്ചു. ക്ഷേത്രാചാരപ്രകാരമുള്ള ചടങ്ങുകൾ എല്ലാം പൂർത്തിയാക്കിയ ശേഷം ബ്രാഹ്മണിയമ്മ നടതുറക്കുവാൻ പറയുകയും മേൽശാന്തി ശ്രീ പാർവതീ ദേവിയുടെ നട തുറക്കുകയും ചെയ്തു.
നടതുറപ്പ് വേളയിൽ രാവിലെ 4 മുതൽ ഉച്ചക്ക് 1.30 വരേയും 2 മുതൽ രാത്രി 9 വരെയുമാണ് ദർശനം. കെ എസ് ആർ ടി സി ആലുവ, പെരുമ്പാവൂർ, അങ്കമാലി, ചാലക്കുടി മുതലായ ഡിപ്പോകളിൽ നിന്നും തിരുവൈരാണിക്കുളത്തേക്ക് പ്രത്യേക ബസ് സർവ്വീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആലുവയിൽ നിന്നും പെരുമ്പാവൂരിൽ നിന്നും വരുന്ന ആളുകൾ ആലുവ - പെരുമ്പാവൂർ കെ എസ് ആർ ടി സി ബസ് റൂട്ടിലൂടെ എട്ട് കിലോമീറ്റർ സഞ്ചരിച്ച് മാറമ്പള്ളി ജംഗ്ഷനിൽ എത്തി ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം. കാലടി വഴി വരുന്നവർ കാലടി ആലുവ റോഡിലൂടെ എട്ട് കിലോമീറ്റർ സഞ്ചരിച്ച് ശ്രീമൂലനഗരം വല്ലം റോഡ് വഴി ക്ഷേത്രത്തിൽ എത്തിച്ചേരാം. ദേശീയ പാത വഴി വരുന്നവർക്ക് ദേശം, ചൊവ്വര, ശ്രീമൂലനഗരം വഴിയിലൂടെ 11 കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്തിച്ചേരാം. നടതുറപ്പ് മഹോത്സവം ജനുവരി 6 നാണ് സമാപിക്കുക.