വണ്ടിപ്പെരിയാര്‍ പോക്സോ കേസില്‍ പൊലീസിന്റെ വീഴ്ചക്കെതിരെ പ്രതിഷേധം ശക്തം. പ്രതിയായ സിപിഎം പ്രവര്‍ത്തകനെ രക്ഷിക്കാന്‍ പൊലീസ് തെളിവ് നശിപ്പിച്ചുവെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. പ്രതിയെ വെറുത വിടാന്‍ ഇടയായ സാഹചര്യം ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചു. അതേസമയം കേസില്‍ അപ്പീല്‍ നല്‍കാന്‍ പ്രൊസീക്യൂഷന്‍ നടപടികള്‍ തുടങ്ങി.
വണ്ടിപ്പെരിയാര്‍ പോക്സോ കേസില്‍ ബലാത്സംഗം, കൊലപാതക കുറ്റങ്ങള്‍ തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കട്ടപ്പന അതിവേഗ സ്‌പെഷ്യല്‍ കോടതി , പതി അര്‍ജ്ജുനെ വെറുതെ വിട്ടത്. പൊലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്നും കോടതി നിരീക്ഷിച്ചിരുന്നു. തുടര്‍ന്നാണ് കേസില്‍ അപ്പീല്‍ നല്‍കാന്‍ പ്രോസീക്യൂഷന്‍ ഡിജിപിയുടെ അനുമതി തേടിയത്.
അതേസമയം കേസില്‍ പൊലീസ് തെളിവുകള്‍ നശിപ്പിച്ചെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. പ്രതിയായ സിപിഐഎം പ്രവര്‍ത്തകനെ രക്ഷിക്കാനുളള ശ്രമങ്ങളാണ് നടന്നത്. കേസിലെ തുടര്‍നടപടികളില്‍ കുട്ടിയുടെ കുടുംബത്തിന് എല്ലാവിധ സഹായവും നല്‍കുമെന്നും വിഡി സതീശന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
വണ്ടിപ്പെരിയാര്‍ പോക്സോ കേസില്‍ എന്തുസംഭവിച്ചുവെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. സംസ്ഥാനത്തിന് അഭിമാനകരമായ കാര്യമല്ല നടന്നതെന്നും മുഖ്യമന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.