കൊച്ചിയിൽ അമ്മയും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയ 45 ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം സംസ്കരിച്ചു. ആരും ഏറ്റെടുക്കാനില്ലാത്തതിനാല്‍ 14 ദിവസമാണ് മൃതദേഹം കളമശേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചത്. കുട്ടിയുടെ അച്ഛനും മൃതദേഹം ഏറ്റെടുക്കില്ലെന്ന് എഴുതി നൽകിയതോടെ പൊലീസും നഗരസഭാ അധികൃതരും ചേർന്നാണ് പുല്ലേപ്പടി പൊതുശ്മശാനത്തിൽ കുഞ്ഞിന്റെ മൃതദേഹം സംസ്കരിച്ചത്.
ഡിസംബർ ഒന്നിനാണ് കുഞ്ഞിന്റെ അമ്മ ആലപ്പുഴ സ്വദേശിയായ അശ്വതിയും ആൺസുഹൃത്ത് കണ്ണൂർ ചക്കരക്കൽ സ്വദേശിയായ വി.പി. ഷാനിഫും കുഞ്ഞുമൊത്ത് എളമക്കരയിലെ ലോഡ്ജിൽ മുറിയെടുത്തത്. ലോഡ്ജില്‍ മുറിയെടുത്ത ഷാനിഫ് അബോധാവസ്ഥയിലായ കുഞ്ഞുമായി രണ്ടാം തീയതി ജനറൽ ആശുപത്രിയിൽ എത്തുകയായിരുന്നു.
കുഞ്ഞിന്റെ ദേഹത്ത് പരുക്കുകള്‍ കണ്ട് സംശയം തോന്നിയ ഡോക്ടർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ കുറ്റം സമ്മതിച്ചത്. തല കാൽമുട്ടിൽ ഇടിപ്പിച്ച് ഷാനിഫ് ആണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കാൻ കുട്ടിയുടെ ശരീരത്തിൽ കടിക്കുകയും ചെയ്തു.
അശ്വതിക്ക് മറ്റൊരു ബന്ധത്തിലുണ്ടായ കുഞ്ഞ് ബാധ്യതയാകുമെന്നു കരുതിയാണ് കൊലപാതകം നടത്താന്‍ തീരുമാനിച്ചത്. ഷാനിഫും അശ്വതിയും കഴിഞ്ഞ നാലു മാസമായി അടുപ്പത്തിലായിരുന്നു. ഇതിനിടെയാണ് അശ്വതിക്കു കുഞ്ഞു പിറന്നത്. ജനനം മുതൽ ഈ കുഞ്ഞിനെ ഷാനിഫ് ഉപദ്രവിക്കുന്നത് പതിവായിരുന്നു. ചെറിയ പരുക്കുകളുണ്ടാക്കി കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാക്കാനും അതുവഴി സ്വാഭാവിക മരണമായി ചിത്രീകരിക്കാനുമായിരുന്നു ശ്രമം.
ഇതു പരാജയപ്പെട്ടതോടെയാണ് കുഞ്ഞിനെ കൊല്ലാൻ അശ്വതിയും ഷാനിഫും തീരുമാനിച്ചത്. പോലീസിന്റെ പ്രാഥമിക ചോദ്യംചെയ്യലില്‍ സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നായിരുന്നു അശ്വതിയുടെ മറുപടി. എന്നാല്‍, കൃത്യത്തില്‍ കുഞ്ഞിന്റെ അമ്മയ്ക്കും വ്യക്തമായ പങ്കുണ്ടെന്നു പൊലീസ് കണ്ടെത്തി.