തൃശൂർ കടങ്ങോട് പഞ്ചായത്തിൽ കാട്ട്പന്നി ശല്യം രൂക്ഷം. കൂട്ടത്തോടെ നാട്ടിലിറങ്ങുന്ന കാട്ട്പന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നു.വെള്ളറക്കാട്, ആദൂർ പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിലായി കാട്ടുപന്നികൾ വ്യാപകമായി കൃഷി നാശം വരുത്തിയിട്ടുള്ളത്. ആദൂർ പാടശേഖരത്തിലെ കതിരിടാറായ നെൽച്ചെടികൾ കുത്തിമറിച്ചിട്ടു.വെള്ളറക്കാട് പാടശേഖരത്തിൽ ഏക്കർ കണക്കിന് നെൽകൃഷിയാണ് നശിപ്പിച്ചിട്ടുള്ളത്.
നെല്ലിന് പുറമെ മറ്റു വിളകളും വൻതോതിൽ നശിപ്പിക്കുന്നുണ്ട്.കടങ്ങോട് പഞ്ചായത്തിലെ മികച്ച കർഷകനായ മുഹമ്മദ്ക്കുട്ടിയുടെ തോട്ടത്തിലെ വാഴകളും ചേമ്പും ചേനയും കപ്പയും വ്യാപകമായി നശിപ്പിച്ചു.കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പലദിവസങ്ങളിലായി 300 ൽ അതികം വാഴതൈകളാണ് പന്നികൾ കുത്തി നശിപ്പിച്ചത്.പഞ്ചായത്തിൽ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും പന്നി ശല്യം തടയുവാനുള്ള നടപടിയായില്ലെന്ന് കർഷകർ പറയുന്നു.
അതേ സമയം പന്നികളെ വെടിവെച്ചു കൊല്ലാൻ പഞ്ചായത്ത് തീരുമാനമെടുത്തിട്ടുണ്ടെന്നും ഷൂട്ടർമാരെ ലഭിക്കാത്തതാണ് നടപടി വൈകാൻ ഇടയാക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡൻ്റ് മീന സാജൻ അറിയിച്ചു. 20 ഷൂട്ടർമാരുടെ പട്ടിക ഫോറസ്റ്റ് വകുപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഇതിൽ പലരും വിദേശത്താണ്. മറ്റുള്ളവരുടെ തോക്കിന് ലൈസൻസ് പുതുക്കി ലഭിച്ചിട്ടില്ല. കർഷകരുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ പഞ്ചായത്ത് പരിശ്രമിക്കുന്നുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു.