കൊല്ലത്ത് പുതുവത്സരാഘോഷ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 59 ലിറ്റർ മദ്യവുമായി യുവതി പിടിയിലായി. രാമൻകുളങ്ങര മുരിങ്ങിക്കാ മുക്ക് സ്വദേശി സരിതയാണ് കൊല്ലം എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
രാമൻകുളങ്ങര മുരിങ്ങിക്കാ മുക്കിന് സമീപം കുമരച്ചഴികത്തു വീട്ടിൽ വാവ എന്നറിയപ്പെടുന്ന ശ്രീകുമാറും ഭാര്യ സരിതയും കൂടി ന്യൂ ഇയർ പ്രമാണിച്ച് വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന അര ലിറ്ററിന്റെ 118 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് ഇവരുടെ വീട്ടിലെത്തിയപ്പോൾ വിൽപ്പനയ്ക്കായി ബൈക്കിൽ മദ്യവുമായി പോകാൻ ഒരുങ്ങിയ ശ്രീകുമാർ ബൈക്കും മദ്യവും ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ ബൈക്കിൽ നിന്നും അര ലിറ്റർ ഒമ്പത് കുപ്പികളിലായി നാലര ലിറ്റർ മദ്യവും വീട്ടിൽ നിന്ന് ശ്രീകുമാറിന്റെ ഭാര്യയായ സരിത വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന അര ലിറ്ററിന്റെ 10 കുപ്പികളും കണ്ടെടുത്തു. സരിതയെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ ഭർത്താവായ ശ്രീകുമാറിന്റെ മാതാപിതാക്കൾ താമസിക്കുന്ന വീട്ടിലെ രഹസ്യ അറയിൽ 99 കുട്ടികളിലായി സൂക്ഷിച്ചിരുന്ന 44 ലിറ്റർ മദ്യവും ചേർത്ത് 59 ലിറ്റർ മദ്യമാണ് എക്സൈസ് സംഘം കണ്ടെടുത്തത്.
ശ്രീകുമാറിന്റെ ബൈക്കും കസ്റ്റഡിയിലെടുത്തു. കൊല്ലം എക്സൈസ് ഇന്റലിജൻസ് പ്രിവന്റി ഓഫീസർ ജി ശ്രീകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്പരിശോധന നടത്തിയത്.
സരിതയെ ഒന്നാം പ്രതിയായും ഭർത്താവ് ശ്രീകുമാറിനെ രണ്ടാം പ്രതിയുമായാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കൊല്ലം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വിനോദ് ശിവറാമിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ ഇന്റലിജൻസ് പ്രിവന്റ്റ്റീവ് ഓഫീസർ ജി. ശ്രീകുമാർ, ഓഫീസർമാരായ ബിനുലാല്‍,വിഷ്ണുരാജ്, ജ്യോതി,തുടങ്ങിയവർ പങ്കെടുത്തു.