നാലര പതിറ്റാണ്ടു കാലമായി തിയ്യേറ്ററില്‍ മാത്രം പോയി സിനിമകള്‍ കണ്ട് നിര്‍വൃതിയടയുന്ന ഒരു അറുപത്തിയഞ്ചുകാരിയെ ഇനി പരിചയപ്പെടാം. തൃശൂര്‍ അരിമ്പൂര്‍ സ്വദേശി ലീലയാണ് സിനിമയെ തന്റെ ജീവിതചര്യയുടെ ഭാഗമാക്കിയത്. ഇക്കാലയളവില്‍ 689 സിനിമകളാണ് ലീല തിയ്യേറ്ററില്‍ പോയി കണ്ടത്. ലീലക്ക് പ്രായം 65. വാര്‍ദ്ധക്യത്തിന്റെ ആധികളില്ല. എപ്പോഴും മനസ് സന്തോഷിക്കണം. ഉല്ലസിക്കണം. അതിനായി ഇടയ്ക്കിടെ സിനിമകള്‍ കാണണം. അതും സിനിമാ തിയറ്ററില്‍ മാത്രം. അങ്ങനെ ഇതുവരെ കണ്ടു തീര്‍ത്തത് 689 സിനിമകള്‍. ഈ പതിവ് ലീല ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കണ്ട സിനിമകളുടെ കണക്കുകള്‍ കൃത്യമായി ഒരു പുസ്തകത്തില്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. 1975ല്‍ കാളവണ്ടിയില്‍ വന്ന് വിതറിയ അഭിമാനം എന്ന സിനിമയുടെ പോസ്റ്റര്‍ കേടുകൂടാതെ ലീലയുടെ കൈവശം ഇപ്പോഴുമുണ്ട്. ശാരദയാണ് ലീലയുടെ ഇഷ്ടപ്പെട്ട നടി
ലീല ജനിച്ചത് സിലോണിലാണ്. മൂന്നാം ക്ലാസ് വരെയാണ് പഠിക്കാന്‍ സാധിച്ചത്.തൃശ്ശൂര്‍ നെല്ലിക്കുന്നിലായിരുന്നു ലീലയുടെ ചെറുപ്പകാലം. അക്കാലത്ത് വീടിനടുത്തുള്ള ഉദയ ടാക്കീസില്‍ സിനിമകള്‍ കണ്ടാണ് തുടക്കം. സിനിമ കാണാനായി പോകാന്‍ അമ്മയും സഹോദരങ്ങളുമായിരുന്നു കൂട്ട്. ഓലക്കൊട്ടകയില്‍ തറയിലിരുന്ന് സിനിമ കണ്ടിരുന്ന കാലം ലീലയ്ക്ക് ഇപ്പോഴും മനസ്സിലുണ്ട്. 50 പൈസയായിരുന്നു അക്കാലത്തെ ടിക്കറ്റ് ചാര്‍ജ് .
1978ല്‍ തൃശ്ശൂര്‍ സ്വദേശി ജോയിയെ വിവാഹം കഴിച്ചതോടെ സിനിമ ഭ്രമം കൂടി.രണ്ടുപേരും ഒരുമിച്ച് പിന്നീട് നിരവധി സിനിമകള്‍ക്ക് പോയി. വിവിധ ആശുപത്രി കാന്റീനുകളില്‍ മൂന്നു പതിറ്റാണ്ടോളം ലീല പാചക തൊഴിലാളിയായി ജോലി നോക്കിയിട്ടുണ്ട്. അക്കാലയളവില്‍ ഒളരി ഷീബ തീയ്യേറ്ററില്‍ ശനിയാഴ്ചകളില്‍ സിനിമ കാണാന്‍ പതിവായി എത്തുന്ന ലീലക്ക് കൂട്ടിനായി അയല്‍വാസികളായ സ്ത്രീകളും ഒപ്പം കൂടാറുണ്ട്.
ആദ്യം വീടിന്റെ കട്ടിളപ്പടിയിലും മറ്റുമാണ് സിനിമ പേരുകള്‍ എഴുതിയിരുന്നത്. പിന്നീട് അത് പഴയ ഒരു പുസ്തകത്തിലേയ്ക്ക് മാറ്റി. ആ പുസ്തകത്തില്‍ തന്നെയാണ് ഇപ്പോഴും ലീല താന്‍ കാണുന്ന സിനിമകളുടെ പേരുകള്‍ എഴുതിവയ്ക്കുന്നത്. ഏറ്റവും ഒടുവില്‍ തീയറ്ററില്‍ പോയി കണ്ട വിക്രം എന്ന സിനിമയുടെ പേരും ലീലയുടെ കൈപ്പുസ്തകത്തില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്.