മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടർ ഷെഹ്നയുടെ ആത്മഹത്യക്ക് പിന്നിൽ സ്ത്രീധനമാണെന്ന നിഗമനത്തിൽ പൊലീസ്. സഹപാഠിയുമായി ഷഹ്നയുടെ വിവാഹം നിശ്ചയിച്ചിരുന്നു തുടർന്ന് ഇവര്‍ ആവശ്യപ്പെട്ട പണം നല്‍കാത്തതിനാല്‍ വിവാഹം മുടുങ്ങുന്ന സാഹചര്യവും ഉണ്ടായി. ഫ്ലാറ്റില്‍നിന്നും കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ നിന്നാണ് പോലീസ് കൂടുതൽ വിവരങ്ങളിലേക്ക് എത്തിയത്.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപമുള്ള ഫ്ലാറ്റ് മുറിയില്‍ പിജി വിദ്യാര്‍ത്ഥിനിയായ ഡോ. ഷഹ്നയെ അബോധാവസ്ഥയില്‍ കണ്ടെത്തുന്നത്. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ അനസ്തേഷ്യ മരുന്ന് കൂടുതലായി കുത്തിവച്ചതാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ ഷഹ്ന താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്നും ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തു.
സാമ്പത്തികമായി സഹായിക്കാന്‍ ആരുമില്ലെന്നും എല്ലാവര്‍ക്കും പണം മതിയെന്നും ആരെയും ബുദ്ധിമുട്ടിക്കാനില്ലെന്നും കുറിപ്പില്‍ പറയുന്നു. അതേസമയം സഹപാഠിയുമായി ഷെഹ്നയുടെ വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നതായും അവർ ആവശ്യപ്പെട്ട പണം നല്‍കാത്തതിനാല്‍ ആ വിവാഹം മുടുങ്ങുകയും ചെയ്തിരുന്നു. വിവാഹം മുടങ്ങിയതിൽ ഷെഹ്ന മനോവിഷമത്തിലായിരുന്നതായും ബന്ധുക്കൾ പറയുന്നു. വെഞ്ഞാറമൂട് സ്വദേശിയായ ഷഹ്ന സർജറി വിഭാഗത്തിൽ പി ജി ചെയ്യുകയായിരുന്നു. ആത്മഹത്യയില്‍ വിശദമായ അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.