Share this Article
ഒളിച്ചുവെച്ച മദ്യക്കുപ്പി എടുത്തുമാറ്റി, യുവാവിന്റെ മരണം കൊലപാതകം, 2 സുഹൃത്തുക്കൾ അറസ്റ്റിൽ
വെബ് ടീം
posted on 16-12-2023
1 min read
2-friends-arrested-in-the-death-of-the-youth-kottayam

കോട്ടയം ചങ്ങനാശ്ശേരിയിൽ ഒളിച്ചു വച്ചിരുന്ന മദ്യക്കുപ്പി എടുത്തു മാറ്റിയതിന്റെ പേരിൽ കൊലപാതകം. തൃക്കൊടിത്താനം സ്വദേശി അഭിലാഷിന്റെ കൊലപാതകത്തിൽ രണ്ടു സുഹൃത്തുക്കളാണ് അറസ്റ്റിലായത്. സന്നിപാതത്തെ തുടർന്നുള്ള മരണമെന്ന് ആദ്യം കരുതിയ സംഭവം പോസ്റ്റുമോർട്ടത്തിലൂടെയാണ് കൊലപാതകം എന്ന് തെളിഞ്ഞത്.

ചങ്ങനാശേരി ബവ്കോ ഔട്ട്ലെറ്റിന് സമീപമുള്ള വീട്ടുപരിസരത്ത് തൃക്കൊടിത്താനം സ്വദേശി അഭിലാഷിനെ നവംബർ 13 നാണ്  അവശ നിലയിൽ കണ്ടെത്തിയത്. ഇവിടെനിന്ന് പൊലീസ് ആണ് അഭിലാഷിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. സന്നിപാത ജ്വരത്തെ തുടർന്ന് അഭിലാഷ് കുഴഞ്ഞുവീണതാകാം  എന്നായിരുന്നു ശാരീരിക ലക്ഷണങ്ങളിലൂടെ പോലീസ് എത്തിയ ആദ്യ നിഗമനം. മെഡിക്കൽ കോളേജിൽ ഏതാണ്ട് ഒരു മാസത്തോളം ചികിത്സയിൽ കഴിഞ്ഞെങ്കിലും ഡിസംബർ എട്ടിന് അഭിലാഷ് മരിച്ചു.

അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തു. പോസ്റ്റ്മോർട്ടത്തിൽ അഭിലാഷിന്റെ ശരീരത്തിൽ മർദ്ദനം ഏറ്റിട്ടുണ്ടെന്നും വാരിയെല്ലുകൾ തകർന്നിട്ടുണ്ടെന്നും വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഭിലാഷിന്റെ സുഹൃത്തുക്കളായ ജോസഫ് സേവ്യറും ഉണ്ണികൃഷ്ണ വാര്യരും അറസ്റ്റിലായത്. സംഭവദിവസം മൂന്നുപേരും ഒന്നിച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്ക് തർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തൽ.

പിന്നീട് മദ്യപിക്കാനായി ഉണ്ണികൃഷ്ണനും ജോസഫും ചേർന്ന് ഒരു കുപ്പി മദ്യം മാറ്റിവച്ചിരുന്നു. ഇതു മനസ്സിലാക്കിയ അഭിലാഷ് മറ്റൊരാളെ കൊണ്ട് മദ്യം വെച്ചിരുന്ന സ്ഥലത്തുനിന്ന് എടുത്തുമാറ്റി. ഇതിൻറെ പേരിൽ അഭിലാഷിനെ മർദ്ദിക്കുകയായിരുന്നു എന്നാണ് ഉണ്ണികൃഷ്ണനും ജോസഫും പോലീസിന് നൽകിയ മൊഴി. ചങ്ങനാശ്ശേരി ബീവറേജസ് ഔട്ട്ലെറ്റിന് സമീപമുള്ള ഇതര സംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ വച്ചായിരുന്നു മർദ്ദനം. അക്രമത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തെക്കുറിച്ചും അന്വേഷണം തുടരുകയാണ്. ചങ്ങനാശ്ശേരി എസ് എച്ച് ഒ റിച്ചാർഡ് തോമസും സംഘവും ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories