സപ്ലൈകോയുടെ ക്രിസ്മസ് - ന്യൂയര്‍ ഫെയറുകൾ ഇന്ന് മുതല്‍ ആരംഭിക്കും. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ ഫെയറിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ആദ്യ വില്‍പനയും നിര്‍വ്വഹിക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളിലാണ് സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ സ്പെഷ്യല്‍ ക്രിസ്തുമസ് - ന്യു ഇയര്‍ ഫെയറുകള്‍ ഇത്തവണ സംഘടിപ്പിക്കുന്നത്. 30 വരെയാണ് ഫെയറുകള്‍ പ്രവർത്തിക്കുക. ഉത്സവകാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായി നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാനാണ് ഇത്തരം ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. സപ്ലൈകോയുടെ നിലവിലെ സാമ്പത്തിക പ്രതിസന്ധിമൂലം മാെത്ത വിതരണക്കാര്‍ക്ക് നല്‍കേണ്ട കുടിശ്ശിക നല്‍കാനായിട്ടില്ല. അതേസമയം ക്രിസ്തുമസ് ഫെയറുകളിലേയ്ക്ക് ആവശ്യമായ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് വ്യാപാരികളുമായി ചര്‍ച്ച നടത്തി ധാരണയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. സബ്സിഡി സാധങ്ങള്‍ക്ക് പുറമെ നോണ്‍ സബ്സിഡി സാധനങ്ങളും 5 മുതല്‍ 30 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാകും. കൂടാതെ, ബ്രാന്റഡ് ഉത്പന്നങ്ങള്‍ 10 മുതല്‍ 30 ശതമാനം വിലക്കുറവിലും ഫെയറുകളില്‍ നിന്ന് ലഭിക്കുന്നതാണ്.