തൃശ്ശൂര്‍ ചെമ്പംകണ്ടം ഭരത മേഖലയില്‍ കാട്ടു പന്നി ശല്യത്താല്‍ പൊറുതിമുട്ടി ജനങ്ങള്‍.. കനാൽ പാലത്തിന് സമീപം കാട്ടുപന്നി വളര്‍ത്തുനായയെ ആക്രമിച്ചു..പന്നിയുടെ ആക്രമണത്തില്‍ നായയ്ക്ക് ഗുരുതമായി പരിക്കേറ്റു..കൃഷി നശിപ്പിക്കുന്നതിന് പുറമെ വളര്‍ത്തു മൃഗങ്ങളെ കൂടി പന്നികള്‍ ആക്രമിച്ചതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്.
കഴിഞ്ഞ ദിവസം രാത്രിയാണ് ചെമ്പംകണ്ടം ഭരത കനാൽ പാലം സ്വദേശി സുമതിയുടെ വീട്ടിലെ വളർത്തു നായയെ കാട്ട് പന്നി ആക്രമിച്ചത്. വീട്ടുമുറ്റത്ത് കെട്ടിയിട്ട നായയെ പന്നി ആക്രമിച്ച് ഗുരുതരമായി പരിക്കല്പിച്ചു. പ്രദേശത്ത് നിരന്തരം പന്നി ശല്യം രൂക്ഷമാണെങ്കിലും വളർത്തു മൃഗങ്ങളെ ആക്രമിക്കുന്നത് ഇത് ആദ്യമാണ്. കാർഷിക വിളകൾ പൂർണ്ണമായും കാട്ടുപന്നികൾ നശിപ്പിക്കുന്നത് മൂലം പ്രദേശത്തെ കർഷകർക്ക് കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. കൃഷി നാശിപ്പിക്കുന്നതിന് പുറമെ പന്നികള്‍ വളർത്തുമൃഗങ്ങളെ കൂടി ആക്രമിക്കുന്ന സ്ഥിതിയിലേക്ക് കടന്നതോടെ ജനങ്ങളും ആശങ്കയിലാണ്. കഴിഞ്ഞ ദിവസത്തെ സംഭവത്തോടെ രാത്രിയായാൽ പുറത്തിറങ്ങാന്‍ പോലും ഭയമാണെന്നും ഇവിടുത്തുകാര്‍ പറയുന്നു. സുമതിയും മകൻ സുനിലും വീട്ടിലുള്ള സമയത്താണ് പന്നിയുടെ ആക്രമണം ഉണ്ടായത്. നായയുടെ ശബ്ദം കേട്ട് പുറത്തിറങ്ങിയ സുനിൽ പന്നിയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്കാണ്.