മമ്മൂട്ടിയുടെ എക്കാലത്തെയും വിജയചിത്രങ്ങളിലൊന്നായ ന്യൂഡല്‍ഹി റിലീസ് ചെയ്തിട്ട് ഇന്നേക്ക് 36 വര്‍ഷം.കരിയറില്‍ താഴ്ചയിലേക്ക് പോകുകയായിരുന്ന മമ്മൂട്ടിയെ കൈപിടിച്ചുയര്‍ത്തിയ ചിത്രം കൂടിയാണിതെന്ന പ്രത്യേകത കൂടിയുണ്ട്. ആ ഹിറ്റിന് പിന്നിലും ഒരു കഥയുണ്ട്.
ഉള്ളില്‍ ആളിക്കത്തിയ പ്രതികാരം വീട്ടാന്‍ ഒരു കാര്‍ട്ടൂണിസ്റ്റ് നടത്തുന്ന കൊലപാതക പരമ്പരയാണ് ന്യൂഡല്‍ഹി എന്ന ചിത്രം.നല്ലൊരു പാട്ടോ കോമഡിയോ പ്രണയരംഗമോ എന്തിന് സംഘട്ടനരംഗങ്ങള്‍ പോലുമില്ലാത്ത ചിത്രം. മമ്മൂട്ടിയാണ് നായകനെന്ന് സംവിധായകന്‍ ജോഷി പറഞ്ഞപ്പോള്‍ നിര്‍മാതാക്കളെല്ലാം കയ്യൊഴിഞ്ഞു. ഒന്‍പതാമത്തെ നിര്‍മാതാവിന്റെ അടുത്ത് കഥ പറയുമ്പോഴും ജോഷിയുടെയും ഡെന്നീസ് ജോസഫിന്റെയും മുഖത്ത് പ്രതീക്ഷയുണ്ടായിരുന്നു.എന്നാല്‍ മമ്മൂട്ടി അല്ല നായകന്‍ മോഹന്‍ലാല്‍ ആണെങ്കില്‍ ഒരു കൈ നോക്കാം എന്നായി അദ്ദേഹം.അങ്ങനെ ഒടുവില്‍ മമ്മൂട്ടിക്കും ജോഷിക്കും ഡെന്നീസ് ജോസഫിനും മുന്നില്‍ ദൈവത്തെ പോലെ ജോയി തോമസ് പ്രത്യക്ഷപ്പെട്ടു.ചിത്രം നിര്‍മിക്കാം എന്നദ്ദേഹം സമ്മതിച്ചു.
ടി ജി രവിയെ മനസ്സില്‍ കണ്ടുകൊണ്ടായിരുന്നു പ്രധാന വില്ലന്‍ കഥാപാത്രങ്ങളിലൊന്നായ സി ആര്‍ പണിക്കരെ ഒരുക്കിയത്.എന്നാല്‍ ഇനി വില്ലന്‍ വേഷം ചെയ്യില്ലെന്ന് ശപഥമെടുത്ത് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ടിജി രവി.അങ്ങനെ ആ വേഷം ജഗന്നാഥവര്‍മയെ തേടിയെത്തി.ത്യാഗരാജന്‍ ചെയ്ത സേലം വിഷ്ണുവായി തമിഴ്‌നടന്‍ സത്യരാജിനെയായിരുന്നു തീരുമാനിച്ചത്. എന്നാല്‍ തമിഴ്‌സിനിമയിലെ തിരക്ക് കാരണം സത്യരാജിന് ആ വേഷം ചെയ്യാന്‍ സാധിച്ചില്ല.
തമ്പി കണ്ണന്താനത്തിന്റെ ശുപാര്‍ശയില്‍ സിദ്ദിഖും ജോഷിയുടെ ക്ലാസ് മേറ്റ് എന്ന പരിഗണനയില്‍ വിജയരാഘവനും ചിത്രത്തിന്റെ ഭാഗമായി. 1987ലെ റിപ്പബ്ലിക്ക് ദിനത്തില്‍ ന്യൂഡല്‍ഹിയുടെ ചിത്രീകരണം ആരംഭിച്ചു. പൂര്‍ണമായും ദില്ലിയിലായിരുന്നു ഷൂട്ടിംഗ്. 21 ദിവസം കൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി 1987 ജൂലൈ 24ന് ചിത്രം തിയേറ്ററുകളിലെത്തി.
കഴിഞ്ഞതും തിയേറ്ററുകളില്‍ ആരവങ്ങള്‍ അലയടിച്ചു. കാശ്മീരില്‍ നായര്‍സാബിന്റെ ഷൂട്ടിംഗ് സെറ്റില്‍ വച്ചാണ് മമ്മൂട്ടി വിവരം അറിയുന്നത്. അദ്ദേഹം ജോഷിയെ കെട്ടിപ്പിടിച്ച് കരഞ്ഞു.50 ദിവസം പിന്നിടുമ്പോഴേക്കും മലയാളത്തില്‍അതുവരെ ഉണ്ടായിരുന്ന റെക്കോര്‍ഡുകളെല്ലാം ഈ ബോക്‌സ് ഓഫീസ് വിജയത്തില്‍ കടപുഴകി.മദ്രാസിലെ സഫയര്‍ തിയേറ്ററില്‍ ചിത്രം വിജയകരമായി 100 ദിവസംപ്രദര്‍ശിപ്പിച്ചു.
ഹിന്ദി,തെലുങ്ക്,കന്നഡ ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്തു.മമ്മൂട്ടിയുടെ മാത്രമല്ല ചിത്രത്തിന് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചവരുടെയൊക്കെ കരിയര്‍ ഭദ്രമാക്കിയ ചിത്രം കൂടിയാണ് ന്യൂഡല്‍ഹി.