കേരളത്തിൽ കിടിലൻ റിലീസ് കളക്ഷനുമായി ടർബോ ഓടിത്തുടങ്ങി. ജോസ് എന്ന ജീപ്പ് ഡ്രൈവറായി മമ്മൂട്ടി ബിഗ് സ്ക്രീനിൽ കസറിയപ്പോൾ പ്രേക്ഷക- ആരാധക മനവും നിറഞ്ഞു. വൈശാഖിന്റെ സംവിധാനത്തിൽ മിഥുൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് വൻ മുന്നൊരുക്കങ്ങൾ ആരാധകർ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി മമ്മൂട്ടിയുടെ പേരിൽ ശത്രുസംഹാര പുഷ്പാഞ്ജലി നടത്തിയിരിക്കുകയാണ് ഒരു ആരാധകൻ.
തൃശ്ശൂർ ജില്ലയിലെ ഒളരിക്കരയിലെ ആരാധകനാണ് മമ്മൂട്ടിക്കായി വഴിപാട് നടത്തിയത്. ഈ പ്രദേശത്തെ ശ്രീനാരായണ മഹേശ്വര ക്ഷേത്രത്തിൽ ആയിരുന്നു ഇത്. "മമ്മൂട്ടി, വിശാഖം നക്ഷത്രം. ഒരു ശത്രുസംഹാര പുഷ്പാഞ്ജലി. മമ്മൂക്കയുടെ ടർബോ എന്ന സിനിമ ഇന്ന് റിലീസ് ചെയ്യുകയാണ്. എഴുപതോളം രാജ്യങ്ങളിൽ റിലീസ് ചെയ്യുകയാണ്. മമ്മൂക്കയെ പലരും തോൽപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. അതൊക്കെ പോട്ടെ. അതിനായി ശത്രുസംഹാര പുഷ്പാഞ്ജലി. ഈ സിനിമ വമ്പൻ വിജയമായി മാറണം", എന്നാണ് ക്ഷേത്രത്തിന്റെ കൗണ്ടറിന് മുന്നിൽ നിന്ന് ആരാധകൻ പറയുന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നുണ്ട്.