മയോസിറ്റിസ് എന്ന രോഗത്തിന്റെ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോവുകയാണ് നടി സാമന്ത. താന്‍ കടന്നുപോകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് താരം തുറന്നു സംസാരിച്ചിരുന്നു. താരത്തിന് രോഗം സ്ഥിരീകരിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പാണ്. താന്‍ ശരീരവുമായി യുദ്ധം ചെയ്തു എന്നാണ് സാമന്ത കുറിച്ചത്. ഉപ്പും പഞ്ചസാരയും ധാന്യങ്ങളും ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. തന്റെ ജോലിയിലും പരാജയപ്പെട്ടു എന്നാണ് താരം കുറിക്കുന്നത്.
കുറിപ്പ് വായിക്കാം:
രോഗം സ്ഥിരീകരിച്ചിട്ട് ഒരു വര്‍ഷമായി. ന്യൂ നോര്‍മലിലേക്ക് എത്താന്‍ നിര്‍ബന്ധിതയായിട്ട് ഒരു വര്‍ഷം. എന്റെ ശരീരവുമായി നിരവധി യുദ്ധങ്ങള്‍ ചെയ്തു. ഉപ്പും പഞ്ചസാരയും ധാന്യങ്ങളും ഒഴിവാക്കി. അതിനൊപ്പം മെയിന്‍ കോഴ്‌സായി മരുന്നിന്റെ ഒരു കോക്ടെയില്‍. നിര്‍ബന്ധിത അടച്ചുപൂട്ടലുകളും നിര്‍ബന്ധിത പുനരാരംഭങ്ങളും. അര്‍ത്ഥവും പ്രതിഫലനവും ആത്മപരിശോധനയും തേടുന്ന ഒരു വര്‍ഷം. പ്രൊഫഷണല്‍ പരാജയങ്ങളും. പ്രാര്‍ത്ഥനയുടേയും പൂജയുടേയും ഒരു വര്‍ഷം. അനുഗ്രഹത്തിനോ സമ്മാനങ്ങള്‍ക്കോ വേണ്ടി പ്രാര്‍ത്ഥിക്കുന്നതല്ല. ധൈര്യവും സമാധാനത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍. എല്ലാ സമയത്തും കാര്യങ്ങള്‍ നമ്മള്‍ വിചാരിച്ചതുപോലെയാകില്ല എന്ന് എന്നെ പഠിപ്പിച്ച ഒരു വര്‍ഷം. ഏറ്റവും പ്രധാനമായി വിചാരിച്ചതൊന്നും നടന്നില്ലെങ്കിലും അത് ഓകെയാണെന്നും പഠിച്ചു. എനിക്ക് നിയന്ത്രിക്കാവുന്നവ നിയന്ത്രിക്കണം, ബാക്കിയുള്ളവ ഉപേക്ഷിക്കണം, ഓരോ ഘട്ടവും മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കണം. അത് ചിലപ്പോള്‍ മഹത്തായ വിജയങ്ങളെക്കുറിച്ചല്ല, മറിച്ച് മുന്നോട്ട് പ്രവര്‍ത്തിക്കുന്നത് ഒരു വിജയമാണ്. കാര്യങ്ങള്‍ ശരിയായി മുന്നോട്ടുപോകുന്നതിനോ ഭൂതകാലത്തില്‍ ചുറ്റിത്തിരിയുന്നതിനോ വേണ്ടി കാത്തിരിക്കരുത്. ഞാന്‍ സ്‌നേഹിക്കുന്നവരേയും എന്നെ സ്‌നേഹിക്കുന്നവരേയും മുറുകെ പിടിക്കണം. വെറുപ്പ് എന്നെ ബാധിക്കരുത്. നിങ്ങളില്‍ പലരും വളരെ കഠിനമായ യുദ്ധങ്ങള്‍ ചെയ്യുന്നുണ്ടാകും. ഞാനും നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. ദൈവങ്ങള്‍ വൈകിയേക്കാം, പക്ഷേ അവര്‍ ഒരിക്കലും നിങ്ങളെ തള്ളില്ല. സമാധാനവും സ്‌നേഹവും സന്തോഷവും ശക്തിയും തേടുന്നവരെ അവര്‍ തള്ളിക്കളയില്ല.