നടൻ ബാബുരാജ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാജവാർത്ത പ്രചരിച്ചിരുന്നു. ഇപ്പോൾ അതിൽ പ്രതികരണവുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ജിമ്മില്‍ വ്യായാമം ചെയ്യുന്ന വിഡിയോ പങ്കുവച്ചായിരുന്നു തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വ്യാജവാർത്തകൾക്കെതിരെ മറുപടി നൽകിയത്.
കാർഡിയോ വർക്ഔട്ട് ചെയ്യുകയാണ് അല്ലാതെ ആശുപത്രിയിലെ കാർഡിയോ വാർഡിൽ അല്ല എന്ന തലക്കെട്ടോടെയാണ് ട്രെഡ്മില്ലിൽ ഓടുന്നതിന്റെ വിഡിയോ പങ്കുവച്ചത്. തലക്ക് മീതേ ശൂന്യാകാശം താഴെ മരുഭൂമി എന്ന പാട്ടിനൊപ്പമാണ് വിഡിയോ. നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.
ശ്വേത മേനോൻ, ബീന ആന്റണി, ജസ്റ്റിൻ വർഗീസ്, കൃഷ്ണപ്രഭ തുടങ്ങിയവർ കമന്റുകളുമായി എത്തി. ഇനി ഇത് പറഞ്ഞു നടക്കുന്നവരെ ഞങ്ങൾ നിയമപരമായും കായിക പരമായും നേരിടും.. അല്ലേ ചേട്ടാ- എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. കഴിഞ്ഞ ദിവസമാണ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളോടുകൂടി നടൻ ബാബുരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഒരു ഓൺലൈൻ ചാനലാണ് വാർത്ത നൽകിയത്.