ദുബായിൽ വെച്ച് തന്റെ നഗ്നദൃശ്യങ്ങൾ 47 ലക്ഷം രൂപയ്ക്ക് വിറ്റുവെന്ന ഗുരുതര ആരോപണവുമായി നടി രാഖി സാവന്ത്. മുൻ ഭർത്താവ് ആദിൽ ദുറാനിക്കെതിരെയാണ് വീണ്ടും ആരോപണം. കുളിക്കുമ്പോൾ രഹസ്യമായി പകർത്തിയതുൾപ്പെടെയുള്ള ദൃശ്യങ്ങൾ ഇക്കൂട്ടത്തിലുണ്ടെന്നും ആ വീട്ടിൽ തന്നെ ആദിൽ ബലാത്സംഗം ചെയ്യുകയായിരുന്നെന്നും രാഖി സാവന്ത് ആരോപിച്ചു.
ആ രംഗങ്ങൾ ഇന്റർനെറ്റിൽ പ്രചരിച്ചാൽ തനിക്ക് ആത്മഹത്യ ചെയ്യുകയേ നിവൃത്തിയുള്ളൂ എന്ന് രാഖി സാവന്ത് പറഞ്ഞു. ലോകം മുഴുവൻ ആ വീഡിയോകൾ കണ്ടാൽ താനെങ്ങോട്ടുപോവും? ലോകത്തിന് മുന്നിൽ ഞാനെങ്ങനെ മുഖം കാണിക്കും? ഞാനൊരു സാധാരണ പെൺകുട്ടിയല്ല. സെലിബ്രിറ്റിയും ബ്രാൻഡുമാണ്. നടി പറഞ്ഞു.
വിവാഹേതര ബന്ധം ഉൾപ്പെടെ നിരവധി ആരോപണങ്ങൾ രാഖി സാവന്ത് ഉന്നയിച്ചതിനേത്തുടർന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിന് ആദിൽ അറസ്റ്റിലായിരുന്നു. തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും രാഖി സാവന്ത് ആരോപിച്ചിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം നടത്തിയ പ്രസ് മീറ്റിൽ വെച്ച് രാഖിക്കെതിരെ ഗുരുതരമായ നിരവധി ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണിപ്പോൾ ആദിൽ ദുറാനിക്കെതിരെ പുതിയ ആരോപണങ്ങളുമായി രാഖി രംഗത്തെത്തിയത്.
അതേസമയം രാഖിയെ വിശ്വസിച്ചതാണ് താൻ ചെയ്ത ഏറ്റവും വലിയ തെറ്റെന്നും വിവാഹത്തിന് ശേഷവും രാഖി മുൻഭർത്താവ് റിതേഷുമായി ബന്ധം തുടർന്നെന്നുമാണ് ആദിൽ ആരോപിക്കുന്നത്.
കഴിഞ്ഞ ദിവസം ആദിൽ തന്റെ ഭാഗം വിശദീകരിച്ചിരുന്നു.താൻ മൈസൂരിൽ നിന്നുള്ള സാധാരണ ബിസിനസുകാരനാണ്. 2022-ലാണ് ഞങ്ങൾ വിവാഹിതരായത്. രാഖി മുൻഭർത്താവുമായുള്ള ബന്ധം തുടർന്നിരുന്നു. ഇതു താൻ കണ്ടെത്തി. പ്രശ്‌നങ്ങൾ ഒഴിവാക്കാനാണ് വിവാഹ മോചനത്തെക്കുറിച്ച് ചിന്തിച്ചത്. തന്റെ വസ്ത്രങ്ങളും മറ്റും എടുക്കാനായി രാഖിയുടെ വീട്ടിൽ പോയിരുന്നു. അന്ന് അവർ എന്റെ കാലിൽ വീണ് കരയാനും മാപ്പ് പറയാനും തുടങ്ങി. ആദ്യ ഭർത്താവുമായി വീണ്ടും ബന്ധം തുടങ്ങിയെന്ന കാര്യം ആരോടും പറയരുതെന്ന് പറഞ്ഞു. ആ സമയത്താണ് പോലീസ് വീട്ടിൽ വന്നത്. അവരോട് ഞാൻ ഉപദ്രവിക്കുകയാണെന്ന് പറഞ്ഞു. തനിക്കെതിരേ നിരവധി ആരോപണങ്ങൾ ഉന്നയിച്ചു. പിന്നാലെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നുമാണ് കഴിഞ്ഞദിവസം ആദിൽ പറഞ്ഞത്.