തിരുവനന്തപുരം: ബോളിവുഡ് താരം സണ്ണി ലിയോൺ തിരുവനന്തപുരത്ത്. ഗ്ലാമർ താരത്തിന് വമ്പിച്ച വരവേൽപ്പാണ് ആരാധകർ നൽകിയത്. അന്താരാഷ്ട്ര മോഡലുകളെ പങ്കെടുപ്പിച്ച് മൂന്ന് ദിവസങ്ങളിലായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഡ്രീം ഫാഷന്‍ ഫെസ്റ്റിന്റെ സമാപന ചടങ്ങിൽ പങ്കെടുക്കാനായാണ് സണ്ണി ലിയോൺ എത്തിയത്.
ഉച്ചയ്ക്ക് 12 മണിയോടെയാണ് സണ്ണി ലിയോൺ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. മണിക്കൂറുകളായി കാത്തിരുന്ന ആരാധകരോട് കൈ വീശി സ്നേഹം കാണിച്ചാണ് സണ്ണി ലിയോൺ എയർപോർട്ടിൽ നിന്ന് ഇറങ്ങിയത്. തിരുവനന്തപുരത്ത് പറന്നിറങ്ങിയ താരത്തെ കാണാൻ നിരവധി ആളുകളാണ് തടിച്ചു കൂടിയത്. ഓറഞ്ച് നിറത്തിലുള്ള ജാക്കറ്റ് ധരിച്ചാണ് സണ്ണി ലിയോൺ എത്തിയത്. മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വിമാനം കയറുന്നതിനു മുമ്പുള്ള വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. താനിപ്പോൾ നന്നായി ഹിന്ദി സംസാരിക്കുന്നില്ലേ എന്നു ചോദിച്ചു കൊണ്ടാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം സണ്ണി ലിയോൺ നിർവഹിക്കും. ഫാഷന്‍ ഷോ വിജയികള്‍ക്കുള്ള സമ്മാനദാനവും സണ്ണി ലിയോണ്‍ നിര്‍വഹിക്കും.