Share this Article
പെട്ടന്നായിരുന്നു കനക ഓട്ടോയിൽ വന്നിറങ്ങിയത്; ഞാൻ അവളെ കെട്ടിപ്പിടിച്ചു; കനകയെ കണ്ട കാര്യം വിവരിച്ച് കുട്ടിപദ്മിനി
വെബ് ടീം
posted on 27-11-2023
1 min read
Actress Kanaka Latest Photo

രജനികാന്ത് , മമ്മൂട്ടി, മോഹൻലാൽ തുടങ്ങി തെന്നിന്ത്യൻ താര രാജക്കന്മാരുടെ നായികയായി തിളങ്ങിയ കനക വീണ്ടും വാർത്തകളിൽ നിറയുകയാണ്. തമിഴ് നടി കുട്ടി പദ്മിനി തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് കനകയേക്കുറിച്ച് ഏറ്റവും പുതിയ വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്.

1989ല്‍ പുറത്തിറങ്ങിയ കരകാട്ടക്കാരൻ എന്ന  ചിത്രത്തില്‍ നായികയായിട്ടായിരുന്നു കനക വെള്ളിത്തിരയിൽ എത്തിയത്. സിദ്ദിഖ് ലാൽ സംവിധാനം ചെയ്ത ഗോഡ് ഫാദറിലൂടെയാണ് താരം മലയാളത്തിൽ എത്തിയത്. തുടർന്ന് വിയറ്റ്നാം കോളനിയിൽ മോഹൻലാലിൻ്റേയും ഗോളന്തര വാർത്തയിൽ മമ്മൂട്ടിയുടെയും നായികയായി കനക തിളങ്ങി. ഇതിനിടയിൽ നിരവധി സിനിമകൾ കനകയേ തേടിയെത്തി. പലതും സൂപ്പർഹിറ്റുകൾ.

2001ൽ പുറത്തിറങ്ങിയ ഈ മഴ തേന്മഴ എന്ന ചിത്രത്തിന് ശേഷം കനക വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിൽ നിന്ന് അകന്ന് നിന്നു. 2009ൽ കനകയുടെ വിവാഹം നടന്നു. പിന്നീട് കനകയേക്കുറിച്ച് കേട്ടത് പലതും ഗോസിപ്പുകൾ ആയിരുന്നു. കനകയ്ക്ക് ക്യാൻസർ ആണ് എന്ന് മാത്രമല്ല. കനക മരിച്ചെന്ന തരത്തിലുള്ള വാർത്തകൾ വരെ വന്നിരുന്നു.

മുൻകാല തമിഴ് നടി ദേവികയാണ് കനകയുടെ അമ്മ. അമ്മയുടെ മരണത്തോടെ ഒറ്റപ്പെട്ട് കഴിയുകായിരുന്ന കനകയെക്കുറിച്ചാണ് നടി കുട്ടി പദ്മിനി പറയുന്നത്. കനകയുടെ വീട്ടിലെത്തിയ കുട്ടിപദ്മിനി താരത്തിനൊപ്പമുള്ള ഫോട്ടോയും യൂട്യൂബ് ചാനലിൽ പങ്കുവെച്ചു. കനക ഇപ്പോൾ സന്തോഷത്തോ‌ടെയാണ് കഴിയുന്നതെന്നും തന്നോട് നല്ല രീതിയിൽ സംസാരിച്ചെന്നും കുട്ടി പത്മിനി പറയുന്നു. കനകയുടെ അമ്മയുമായി കുട്ടി പത്മിനിക്ക് പരിചയമുണ്ട്.

"ഒരുപാട് അന്വേഷിച്ചാണ് കനകയുടെ വീട് കണ്ടുപിടിച്ചത്, ദേവിക എന്ന് എഴുതിവച്ചത് കൊണ്ട് കണ്ടെത്താൻ എളുപ്പമായി. വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു എങ്കിലും അകത്ത് ലൈറ്റ് ഉണ്ടായിരുന്നു.  അവർ എപ്പോ വരുമെന്നോ എപ്പോ പോകുമെന്നോ തങ്ങൾക്ക് ആർക്കും അറിയില്ല എന്നാണ് അടുത്തള്ളവരോട് ചോദിച്ചപ്പോൾ പറഞ്ഞത്.

പെട്ടന്ന് കനക  ഒരു ഓട്ടോയിൽ വന്നിറങ്ങിയപ്പോൾ ഞാൻ പോയി കെട്ടിപിടിച്ചു. കോഫീ ഷോപ്പിലേക്ക് പോകാം എന്ന് പറഞ്ഞപ്പോൾ ഓട്ടോ വിട്ടിട്ട് കാറിൽ കയറി. വണ്ടി റിപ്പയർ ആണ് ചേച്ചി അതാ ഇപ്പൊ ഓട്ടോയിൽ ഒക്കെ പോകുന്നത് എന്ന് പറഞ്ഞു. അവളുടെ വീട്ടിൽ ഒരു കാർ കിടക്കുന്നുണ്ടായിരുന്നു. ഞാൻ അവളോട് പെട്ടെന്ന് ഈ പഴയ കാർ ഒക്കെ കൊടുത്ത് പുതിയ കാർ വാങ്ങാൻ പറഞ്ഞു. കോഫീ ഷോപ്പിൽ പോയി കോഫീ ഒക്കെ കുടിച്ച് എന്നോട് കുറെ സമയം സംസാരിച്ചു.

കനകയും അച്ഛനും തമ്മിൽ സ്വത്തിന്റെ പേരിൽ ഉണ്ടായിരുന്ന കേസും വഴക്കും ഒക്കെ തീർന്നു. ഇപ്പോൾ കോംപ്രമൈസ് ആയിട്ടുണ്ട്.

അവളെ ഒരുപാടുപേർ പറ്റിച്ചിട്ടുണ്ട്. അതുകൊണ്ട് അവൾ എല്ലാവരോടും സംസാരിക്കാനും അടുക്കാനും ഒക്കെ പേടിക്കുന്നുണ്ട്. അമ്മ കൊഞ്ചിച്ചു വളർത്തിയതാണ്. സിനിമയിൽ നിന്നും വിട്ടു നില്‍ക്കാൻ തുടങ്ങിയതിനു ശേഷം കോടതിയും കേസും മാത്രമായിരുന്നു കനകയുടെ ജീവിതം. എന്നോട് അവൾ പറഞ്ഞത് എനിക്ക് ആരെയും വിശ്വസിക്കാൻ പറ്റില്ല ചേച്ചി, എല്ലാവരും നല്ലവരെ പോലെ ഇരിക്കും എന്നിട്ട് അവസാനം എന്തെങ്കിലും ഒരു കാരണം ഉണ്ടാക്കി എന്നെ ചതിക്കും. അതുകൊണ്ട് എനിക്ക് ആരും വേണ്ടാന്നു ഞാൻ തീരുമാനിച്ചു എന്ന്. ഭഗവാൻ കൃഷ്ണൻ അവൾക്ക് ഒരു നല്ല ജീവിതം ഉണ്ടാക്കി കൊടുക്കും എന്നെനിക്ക് നല്ല പ്രതീക്ഷ ഉണ്ട്".- കുട്ടി പദ്മിനി പറയുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories