ഹാസ്യരസം കലര്‍ന്ന വില്ലന്‍ കഥാപാത്രങ്ങളിലൂടെ മലയാളിഹൃദയങ്ങളില്‍ ചേക്കേറിയ രാജന്‍ പി ദേവ് ഓര്‍മയായിട്ട് ഇന്നേക്ക് പതിനാല് വര്‍ഷം.ഏത് കഥാപാത്രവും ഈ നടന്റെ കയ്യില്‍ ഭദ്രമായിരുന്നു.
നാടകരംഗത്ത് നിന്ന് സിനിമയിലേക്ക് എത്തിയ രാജന്‍ പി ദേവിന്റെ ആദ്യ ചിത്രം ബോബന്‍ കുഞ്ചാക്കോയുടെ സഞ്ചാരി ആയിരുന്നു. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഇന്ദ്രജാലം എന്ന ചലച്ചിത്രത്തിലെ പ്രതിനായകവേഷമാണ് ഈ നടന്റെ സിനിമാ ജീവിതം മാറ്റിമറിച്ചത്. വില്ലനായും സ്വഭാവ നടനായും കോമഡി കഥാപാത്രങ്ങളായും മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് ഓര്‍ത്തിരിക്കാവുന്ന ഒട്ടേറെ കഥാപാത്രങ്ങളെ ഈ അതുല്യനടന്‍ സമ്മാനിച്ചു.
ക്രൂരനായ വില്ലനും സ്‌നേഹ നിധിയായ അപ്പനും നിഷ്‌ക്കളങ്കനായ ഹാസ്യതാരവും രാജന്‍ പി ദേവിന്റെ കയ്യില്‍ ഭദ്രമായിരുന്നു.പരമ്പരാഗതവില്ലന്‍ സങ്കല്‍പങ്ങളെ തകര്‍ത്തെറിയുന്നതായിരുന്നു രാജന്‍ പി ദേവിന്റെ വില്ലന്‍ വേഷങ്ങള്‍.ഒരു വില്ലനും ഇങ്ങനെ പ്രേക്ഷകരുടെ ഇഷ്ടം നേടിയിട്ടുണ്ടാകില്ല. മുഖം നിറയെ പുഞ്ചിരിയും തമാശയുമായി വരുന്ന ഈ വില്ലനെ പ്രേക്ഷകര്‍ കയ്യടിയോടെയാണ് സ്വീകരിച്ചത്.
വില്ലത്തരങ്ങളേക്കാള്‍ ആളുകള്‍ക്ക് ഇഷ്ടം രാജന്‍ പി ദേവിന്റെ കോമഡിയായിരുന്നു. സ്ഫടികം, തൊമ്മനും മക്കളും,അനിയന്‍ ബാവ ചേട്ടന്‍ബാവ,അഴകിയ രാവണന്‍, രാക്ഷസരാജാവ്,പാണ്ടിപ്പട,ദ ടൈഗര്‍, ഛോട്ടാമുംബൈ,വജ്രം,ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്നീ ചിത്രങ്ങളിലെ അഭിനയം രാജന്‍ പിദേവ് എന്ന നടനെ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനാക്കി മാറ്റി.
സംവിധായകനെന്ന നിലയിലും ഇദ്ദേഹം തന്റെ കയ്യൊപ്പ് ചാര്‍ത്തി. അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍, മണിയറക്കള്ളന്‍, അ്ചഛന്റെ കൊച്ചുമോള്‍ എന്നിവയാണ് ഇദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങള്‍. 142 ചിത്രങ്ങളില്‍ വേഷമിട്ട ഇദ്ദേഹം അവസാനം അഭിനയിച്ചത് മമ്മൂട്ടി നായകനായ പട്ടണത്തില്‍ ഭൂതം എന്ന ചിത്രത്തിലാണ്. രാജന്‍ പി ദേവ് എന്ന നടന്‍ കാലങ്ങള്‍ക്ക് അപ്പുറത്തേക്ക് നടന്നുകഴിഞ്ഞിട്ടും മലയാളികളുടെ മനസ്സില്‍ ഇപ്പോഴും ജ്വലിക്കുന്ന ഓര്‍മയാണ് പൊട്ടിച്ചിരിപ്പിച്ച ഈ വില്ലന്‍.