Share this Article
ആലോചിച്ചെടുത്ത തീരുമാനമാണ്; എനിക്ക് വിവാഹം വേണ്ട; അതിനുള്ള കാരണവും പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി
വെബ് ടീം
posted on 21-11-2024
1 min read
sruthy lakshmi

സ്വന്തമായ അഭിപ്രായങ്ങൾ തുറന്നു പറയാൻ മടിയില്ലാത്ത അപൂർവം നടിമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. അഭിനയം തുടങ്ങിയത് മുതൽ തന്റേതായ ഒരിടം അവർ ദക്ഷിണേന്ത്യൻ സിനിമയിൽ നേടിയെടുത്തിട്ടുണ്ട്. നടിയുടെ ഏറ്റവും പുതിയ ചിത്രമാണ് 'ഹലോ മമ്മി'. ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിൽ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി.

വിവാഹത്തെ കുറിച്ചും ഇപ്പോൾ നടി തന്റേതായ അഭിപ്രായം പറഞ്ഞിരിക്കുകയാണ്. വിവാഹം കഴിക്കാൻ തനിക്ക് താൽപര്യമില്ലെന്നും ആലോചിച്ചെടുത്ത തീരുമാനമാണ് ഇതെന്നും ഐശ്വര്യ പറഞ്ഞു. ഒരു പ്രായത്തിൽ വിവാഹത്തിനോട് താല്പര്യം ഉണ്ടായിരുന്നെന്നും എന്നാൽ വിവാഹത്തിന് ശേഷം സന്തോഷമുള്ളവരെ കാണാൻ കഴിഞ്ഞിട്ടില്ലെന്നും വീട്ടുകാരുടെ സമ്മർദ്ദം കാരണം ഒരു ഘട്ടത്തിൽ വിവാഹത്തെക്കുറിച്ച് താൻ ആലോചിച്ചിരുന്നെന്നും നടി കൂട്ടിച്ചേർത്തു.‘എനിക്ക് വിവാഹം ചെയ്യേണ്ടെന്ന് ഞാനെപ്പോഴും പറഞ്ഞിട്ടുണ്ട്. ഞാൻ ആ ഇൻസിസ്റ്റിറ്റ്യൂഷനിൽ വിശ്വസിക്കുന്നില്ല. വെറുതെ പറഞ്ഞതല്ല. ഞാൻ ആലോചിച്ച് എടുത്ത തീരുമാനമാണ്. എട്ടാമത്തെ വയസിലും പത്താമത്തെ വയസിലും 25 വയസിലും എന്നോട് ചോദിച്ചാൽ വിവാഹം എന്റെ സ്വ‌പ്നമായിരുന്നു. ഗുരുവായൂർ അമ്പലത്തിൽ താലി കെട്ടണം, തുളസി മാല വേണം എന്നൊക്കെയുള്ള പ്ലാനുണ്ടായിരുന്നു. അമ്മ ഗുരുവായൂരപ്പന്റെ ഭക്തയാണ്. എപ്പോഴും ഞങ്ങൾ ഗുരുവായൂരിൽ പോകുമായിരുന്നു. എപ്പോഴും അവിടെ പോകുന്നത് കൊണ്ട് കുട്ടിക്കാലത്ത് എനിക്ക് മടുപ്പ് തോന്നി.

ഗുരുവായൂരിൽ കണ്ട വിവാഹങ്ങളിൽ നിന്നാണ് എനിക്കീ സ്വപ്‌നങ്ങൾ വന്നത്. പിന്നീട് വളർന്നപ്പോൾ ചുറ്റുമുള്ള വിവാഹ ബന്ധങ്ങൾ കണ്ടു. ആളുകൾ സന്തോഷത്തിൽ അല്ല. 34 വയസായി. ഈ വർഷത്തിനിടയിൽ എനിക്കറിയാവുന്ന സന്തോഷത്തോടെ ജീവിക്കുന്ന ഒരു കുടുംബമേയുള്ളൂ. അവർ മലയാളികൾ അല്ല. ബാക്കി എല്ലാവരിലും കോംപ്രമൈസുകളാണ് കണ്ടത്. പേഴ്സണൽ സ്പേസിൽ അവർ വളരുന്നില്ല. എനിക്ക് ബോധവും ബുദ്ധിയും വന്നപ്പോൾ ഇതല്ല എനിക്ക് വേണ്ടതെന്ന് മനസിലാക്കി. മുപ്പത് വയസിന് ശേഷം രണ്ട് വർഷത്തോളം വിവാഹം വേണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഒരു പങ്കാളിയെ കണ്ടെത്തി വിവാഹം ചെയ്‌ത്‌ കുട്ടികൾ വേണമെന്ന് കരുതി. പക്ഷെ അതായിരുന്നില്ല എനിക്ക് വേണ്ടത്. ഇങ്ങനെ ചിന്തിക്കാൻ കാരണം അതായിരുന്നു. ഇടയ്ക്ക് മാട്രിമോണിയിൽ അക്കൗണ്ട് എടുത്തോ എന്ന് അമ്മയോട് പറഞ്ഞിട്ടുണ്ട്. മാട്രിമോണിയലിൽ ഞാനുണ്ടായിരുന്നു. ദൈവത്തിന് നന്ദി, ആളുകൾ ഫേക്ക് പ്രൊഫൈലാണെന്ന് കരുതി'യെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories