കൊച്ചി: അതിതീവ്ര മഴയ്ക്കിടയിലും ആരാധകർ കാത്തിരുന്ന ടർബോ റിലീസിൽ മികച്ച കളക്ഷൻ നേടിയെന്ന് റിപ്പോർട്ട്. കേരളത്തില്‍ നിന്ന് ടര്‍ബോ നാല് കോടി രൂപയിലധികം റിലീസിന് നേടിയെന്നാണ് റിപ്പോര്‍ട്ട്. സൗത്ത്‍വുഡാണ് ട്രാക്ക് ചെയ്‍ത കേരള കളക്ഷൻ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. അന്തിമ കണക്കുകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. സംവിധാനം നിര്‍വഹിക്കുന്നത് വൈശാഖും ചിത്രത്തിന്റെ തിരക്കഥ മിഥുൻ മാനുവൽ തോമസും ആണ്.
ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ മമ്മൂട്ടി എത്തുമ്പോള്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് ഉള്ളത്. ആക്ഷന് ഏറെ പ്രാധാന്യം നൽകിയാണ് മമ്മൂട്ടിയുടെ ചിത്രം ഒരുക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് നിര്‍ണായകമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. നിര്‍മാണം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ്.
മമ്മൂട്ടിയുടെ ഒരു മാസ് എൻട്രിയല്ല സിനിമയിലുള്ളത്. സിനിമ തുടങ്ങുമ്പോൾ തന്നെ ടർബോ ജോസിന്റെ പശ്ചാത്തലമെന്താണെന്ന് പ്രേക്ഷകർക്ക് മനസിലാക്കി കൊടുക്കുന്നുണ്ട് വൈശാഖ്.
ചെറിയ തമാശകളൊക്കെയായി വളരെ പതിയെ ആണ് ആദ്യ പകുതി മുന്നോട്ട് പോകുന്നത്. ഇന്റർവെല്ലിനോട് അടുത്താണ് സിനിമ പ്ലോട്ടിലേക്ക് കടക്കുന്നത്.ഒരു പക്കാ മാസ് മസാല എന്ന് പറയുമ്പോൾ പോലും വൈശാഖ് തന്റെ പതിവ് ശൈലിയിൽ നിന്ന് ഒന്ന് മാറിയിട്ടുണ്ട്. ആക്ഷൻ സിനിമ പ്രേമികളുടെ മനസറിഞ്ഞ് വൈശാഖ് ഒരു വിഷ്വൽ ട്രീറ്റ് തന്നെയാണ് കാഴ്ചവച്ചിരിക്കുന്നത്.അവസാനിപ്പിക്കാത്തതൊന്നും ടർബോ ജോസ് തുടങ്ങി വയ്ക്കാറില്ല- എന്ന് അഞ്ജനയുടെ കഥാപാത്രമായ ഇന്ദുലേഖ പറയുന്നത് ശരിയാണെന്ന് തോന്നിപ്പിക്കുന്ന വിധമാണ് മമ്മൂട്ടിയുടെ രണ്ടാം പകുതിയിലെ പെർഫോമൻസ്. ആക്ഷൻ സീനകളിലുള്ള മമ്മൂട്ടിയുടെ പെർഫെക്ഷൻ തന്നെയാണ് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നത്.
ക്രിസ്റ്റോ സേവ്യറാണ് പശ്ചാത്തല സംഗീതം. 200 കിമീ സ്‍പീഡ് ചേസിങ് വരെ ചിത്രീകരിക്കാൻ സാധിക്കുന്ന ഹോളിവുഡിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ 'പർസ്യുട്ട് ക്യാമറ'യാണ് 'ടർബോ'യിൽ ഉപയോഗിച്ചിരിക്കുന്നത്. ഛായാഗ്രഹണം വിഷ്ണു ശർമ്മ. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ഡിസൈനർ മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ് റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, കോ ഡയറക്ടർ ഷാജി പടൂർ, കോസ്റ്റ്യൂം ആക്ഷൻ ഡയറക്ടർ ഫൊണിക്സ് പ്രഭു, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ആർ കൃഷ്‍ണൻ, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്‍ണു സുഗതൻ, പിആർഒ ശബരി എന്നിവരാണ്.