സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വന്ന വാഹനാപകടത്തിൽ പരിക്കേറ്റെന്ന വാർത്തയിൽ വ്യക്തത വരുത്തി മിമിക്രി താരം വിതുര തങ്കച്ചൻ. ഒരാഴ്ച മുന്നേ നടന്ന ചെറിയൊരു അപകടത്തെക്കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും തനിക്ക് പറയത്തക്ക പ്രശ്നങ്ങളൊന്നുമില്ലെന്നും തങ്കച്ചൻ അറിയിച്ചു. "എന്റെ പേരില്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്ത ഒരാഴ്ച മുന്നേ നടന്ന ചെറിയൊരു അപകടമാണ്. എനിക്ക് ഇപ്പോള്‍ പറയത്തക്ക പ്രശ്‌നങ്ങള്‍ ഒന്നുമില്ല. സ്‌നേഹത്തോടെ തങ്കച്ചന്‍", താരം ഫേയ്സ്ബുക്കിൽ കുറിച്ചു.
തങ്കച്ചൻ സഞ്ചരിച്ച കാർ ജെസിബിയുടെ പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. നായ കുറുകെ ചാടിയതിനെ തുടർന്നു വെട്ടിത്തിരിച്ച കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന മണ്ണുമാന്തിയിൽ തട്ടുകയായിരുന്നു. നെഞ്ചിലും കഴുത്തിലും പരിക്കേറ്റ താരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
വാട്സാപ്പിൽ ഉൾപ്പെടെ കാറും ജെസിബിയും തമ്മിൽ കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ തങ്കച്ചന് ഗുരുതരമായി പരുക്കേറ്റെന്നായിരുന്നു സോഷ്യല്‍മീഡിയയില്‍ ഉൾപ്പെടെ പ്രചരിച്ചത്. നെഞ്ചിനും കഴുത്തിനും ഗുരുതര പരുക്കേറ്റ തങ്കച്ചന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും പ്രചരിച്ചിരുന്നു. ഇതോടെയാണ് വിശദീകരണവുമായി താരം തന്നെ എത്തിയത്.