കൊച്ചി : അനുവാദമില്ലാതെ ഓൺലൈൻ മാധ്യമങ്ങൾ തിയറ്ററിലെത്തി സിനിമയെക്കുറിച്ച് കാഴ്ചക്കാരിൽ നിന്ന് അഭിപ്രായം ചോദിക്കുന്നതും നിരൂപണം നടത്തുന്നതും നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കളും തിയറ്റർ ഉടമകളും. ഓൺലൈൻ സിനിമാ നിരൂപണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്യാൻ ബുധനാഴ്‌ച്ച കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയും തിയറ്റർ ഉടമകളും നടത്തിയ യോഗത്തിലാണ് ആവശ്യം മുന്നോട്ട് വച്ചത്.
സിനിമ പ്രമോഷൻ പരിപാടികളിൽ അക്രഡിറ്റേഷനുള്ള ഓൺലൈൻ പ്രൊമോട്ടർമാർ മാത്രം പങ്കെടുത്താൽ മാത്രം മതിയെന്ന് യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച് ഐടി നിയമവിദഗ്‌ധരും അഭിഭാഷകരുമായി ചർച്ചചെയ്ത് പ്രോട്ടോക്കോൾ ഒരുമാസത്തിനകം തയ്യാറാക്കുമെന്നും അറിയിച്ചു.
സിനിമയുടെ ഡിജിറ്റൽ പ്രൊമോഷൻ അംഗീകൃത സംഘടനകളെ മാത്രം ഏൽപ്പിക്കാൻ നിർമാതാക്കൾക്ക് നിർദേശം നൽകും. ഓൺലൈൻ പ്രൊമോഷൻ നിർമാതാക്കൾക്ക് വലിയ സാമ്പത്തികനഷ്‌ടം ഉണ്ടാക്കുന്നതായും യോഗം വിലയിരുത്തി. സിനിമാ നിരൂപണത്തിൽ വംശീയാധിക്ഷേപം, ലിംഗവിവേചനം, ശാരീരിക അവഹേളനം എന്നിവ അംഗീകരിക്കാനാകില്ല. ഈ വിഷയത്തിൽ ഒരു കേസ് മുന്നോട്ട് വന്നാൽ പൂർണ്ണമായും പിന്തുണ നൽകുമെന്നും പറഞ്ഞു.
ഫെഫ്‌ക ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്‌ണൻ, സംവിധായകരായ സിബി മലയിൽ, ജോഷി, ഷാജി കൈലാസ്, നിർമാതാക്കളായ ജി സുരേഷ്‌കുമാർ, സിയാദ് കോക്കർ, തിയറ്റർ ഉടമ പ്രതിനിധികൾ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.